പഠനപരിപോഷണ പദ്ധതി : പിണർവുകുടി ഗവ. സ്കൂൾ കുട്ടികൾ എൻജിനീയറിംഗ് കോളജ് സന്ദർശിച്ചു
1516869
Sunday, February 23, 2025 4:05 AM IST
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പദ്ധതിയുടെ ഭാഗമായി പിണർവുകുടി ഗവ. സ്കൂളിലെ കുട്ടികൾ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് സന്ദർശിച്ചു. വിദ്യാഭ്യാസപരമായി പ്രചോദനം നൽകുന്നതിനൊപ്പം കോളജ് പരിസരത്ത് ഒരു വ്യത്യസ്ത അനുഭവം ലഭിക്കുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ക്യാന്പിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ബോസ് മാത്യു ജോസ് നിർവഹിച്ചു. ഇലക്ട്രിക്കൽ വിഭാഗം മേധാവി സിനി പോൾ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.പി. സജി, പിണർവുകുടി ഗവ. സ്കൂൾ പ്രധാനാധ്യാപിക സി.വി. സുബൈദ, രക്ഷാകർതൃ സമിതി പ്രസിഡന്റ് കെ. ബിജു എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്കായി ഇലക്ട്രിക്കൽ വയറിംഗ് വർക്ക്ഷോപ്പും ഇലക്ട്രോണിക്സ് വർക്ക്ഷോപ്പും നടത്തി. കൂടാതെ കോളജിലെ പ്രധാനപ്പെട്ട ലാബുകൾ സന്ദർശിക്കുന്നതിനും അവസരം ഒരുക്കി.