പുഴ കടന്നെത്തിയ കാട്ടാനയെ നാട്ടുകാർ തുരത്തി
1516598
Saturday, February 22, 2025 3:54 AM IST
കോതമംഗലം: കുട്ടന്പുഴയിൽ പുഴ കടന്ന് ടൗണിൽ കയറാൻ ശ്രമിച്ച കാട്ടാനയെ നാട്ടുകാർ തുരത്തി. കഴിഞ്ഞ ദിവസം പുഴ കടന്നെത്തിയ കാട്ടാനകൾ കുട്ടന്പുഴ ടൗണിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുഴ നീന്തിക്കടന്ന് ടൗണിൽ യൂണിയൻ ബാങ്കിന് സമീപം കാട്ടാന കയറാൻ ശ്രമിച്ചത്. നീണ്ട നേരത്തെ ശ്രമത്തിനൊടുവിൽ നാട്ടുകാർ ആനയെ തുരത്തി മറുകരയിലെത്തിച്ചു.
പഞ്ചായത്ത് ഓഫീസുൾപ്പടെ പ്രവർത്തിക്കുന്ന ഇടമാണ് കാട്ടാന ഭീഷണിയിലായിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്തെ കൃഷിയിടങ്ങൾ ആനക്കൂട്ടം നശിപ്പിച്ചു.
കുട്ടിയാനകളുൾപ്പെടുന്ന സംഘം മണിക്കൂറുകളോളം കൃഷിയിടങ്ങളിൽ തന്പടിച്ചശേഷമാണ് മടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിനു സമീപം എബിയുടെ കുഷിയിടത്തിലാണ് കാട്ടാന കഴിഞ്ഞ ദിവസം നാശം വിതച്ചത്.