ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗങ്ങൾ മോഷ്ടിച്ചെന്ന് പരാതി
1516608
Saturday, February 22, 2025 3:59 AM IST
മൂവാറ്റുപുഴ: പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗങ്ങൾ മോഷ്ടിച്ചതായി പരാതി. കൊച്ചി മൂന്നാർ ഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കടാതി സംഗമം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗങ്ങളാണ് മോഷണം പോയത്. ഈ മാസം 17നാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത്.
18ന് ഉച്ചയ്ക്ക് 12 ഓടെ ടിപ്പർ ലോറിയിൽ എത്തിയ സംഘം എറണാകുളം ഭാഗത്തേക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗങ്ങൾ കടത്തുകയായിരുന്നു. മോഷണത്തെ തുടർന്ന് ഇകെകെ ഗ്രൂപ്പ് ഹൈവേ സീനിയർ എൻജിനീയർ അതുൽ പോൾ, കൗണ്‍സിലർ അമൽ ബാബു എന്നിവർ ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്നുവർഷം മുന്‍പ് നഗരസഭ തുക അനുവദിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചിരുന്നു. മൂന്ന് ഇരിപ്പിടങ്ങളും, നാല് തൂണുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയിരിക്കുന്നതെന്ന് വാർഡ് കൗണ്‍സിലർ അമൽ ബാബു പറഞ്ഞു.