പെരിങ്ങഴ എംവിഐപി കനാൽ : ആറു വർഷത്തിനുശേഷം പുനർനിർമാണം ആരംഭിച്ചു
1516857
Sunday, February 23, 2025 3:57 AM IST
മൂവാറ്റുപുഴ: ആരക്കുഴ പെരിങ്ങഴയിൽ എംവിഐപി കനാൽ ഇടിഞ്ഞതിനെതുടർന്ന് ആറ് വർഷത്തോളമായി മുടങ്ങിയിരുന്ന ജല വിതരണം പുനസ്ഥാപിക്കാൻ കനാൽ പുനർനിർമാണ പ്രവർത്തനം ആരംഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലിനെതുടർന്നാണ് കനാലിന്റെ പുനർനിർമാണം ആരംഭിച്ചിരിക്കുന്നത്.
ആരക്കുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്രോൾ പന്പ് സ്ഥാപിക്കുന്നതിന് 2019ൽ മണ്ണ് നീക്കം ചെയ്തതിനെതുടർന്ന് ഇവിടുത്തെ എംവിഐപി കനാൽ ഇടിയുകയും ആരക്കുഴയിലെ ഒന്ന്, രണ്ട്, 13 എന്നീ വാർഡുകളിലേക്കുള്ള കനാൽ ജല വിതരണം ആറു വർഷമായി മുടങ്ങിക്കിടന്ന സാഹചര്യമായിരുന്നു.
ഇതുമൂലം വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും കൃഷിസ്ഥലങ്ങളിലെ കാർഷിക വിളകൾ ഉണങ്ങി നശിക്കുകയും ചെയ്ത അവസ്ഥയിലാണ് നാളുകളായി പെരിങ്ങഴ നിവാസികൾ. ഇത് ശ്രദ്ധയിൽപ്പെട്ട എംഎൽഎ പ്രദേശത്തെ മറ്റ് ജനപ്രതിനിധികൾക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് കനാൽ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ജല വിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എംവിഐപി ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. പെട്രോൾ പന്പ് നിർമാണത്തിന് സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്തതിനെതുടർന്ന് കനാൽ ഇടിഞ്ഞു പോയതിനാൽ ഇവിടുത്തെ കനാൽ നിർമാണം എംവിഐപി ഉദ്യോഗസ്ഥർ നിർദേശിച്ച രീതിയിലും അവരുടെ മേൽനോട്ടത്തിലും സ്വകാര്യ വ്യക്തിയാണ് നിർവഹിക്കുന്നത്.
ഇത് സംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടായതിനെതുടർന്നാണ് പുനർനിർമാണത്തിന് കാലതാമസം നേരിട്ടതെന്നും എംഎൽഎ പറഞ്ഞു.