ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍: ദി സ്പ്ലിറ്റ് മികച്ച ചിത്രം
1516848
Sunday, February 23, 2025 3:49 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചാവറ ഫിലിം സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട്ഫിലിമായി അലന് ഇഷാന് സംവിധാനം ചെയ്ത ദി സ്പ്ലിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രമായി തമഴ് ഷോര്‍ട്ടഫിലിം തുണൈയും (20000 രൂപയും പ്രശസ്തിപത്രവും) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനായി ആ ദിവസത്തിന്റെ ഓര്‍മയ്ക്ക് എന്ന ചിത്രത്തിന്റെ സംവിധായകന് നിപിന് നാരായണനും (15000 രൂപയും പ്രശസ്തിപത്രവും) അർഹനായി. കൊച്ചുസ് ബിജിന് സംവിധാനം ചെയ്ത ദ് ട്വിന്‍ ഫ്ലെയിംസിന് ജൂറിയുടെ പ്രത്യേക പുരസ്കാരവും ലഭിച്ചു.
ജോണ്‍ പോളിന്റെ സ്മരണായിക്കായി ഏര്‍പ്പെടുത്തിയ മികച്ച സ്ക്രിപ്റ്റിനുള്ള അവാര്‍ഡ് ഹരിദേവ് കൃഷ്ണന് സംവിധാനം ചെയ്ത സം വണ്‍ നേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് നിര്‍മിച്ച് കലന്തന് ബഷീര്‍ സംവിധാനം ചെയ്ത ഉണര്‍വ് പ്രത്യേക പുരസ്കാരം നേടി.
സംവിധായകന് ആന്റണി സോണി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജൂറി അംഗം പി.ജെ. ചെറിയാന്, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി. ബിനു, അയിഷാ ജോണ്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത നിശയും അരങ്ങേറി.