വളന്തക്കാട് പാലം മാറ്റി നിർമിക്കണമെന്ന പ്രമേയം നിർമാണം തടസപ്പെടുത്താനെന്ന് സിപിഎം
1516581
Saturday, February 22, 2025 3:39 AM IST
മരട്: വളന്തക്കാട് പാലത്തിന്റെ നിർമാണ പ്രവർത്തനം തടസപ്പെടുത്തുവാനുള്ള കെ. ബാബു എംഎൽഎയുടെയും മരട് നഗരസഭ ചെയർമാന്റെയും ഡിവിഷൻ കൗൺസിലറുടേയും ഒത്തുകളി ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി.
നിർമാണം പുരോഗമിക്കുന്ന വളന്തക്കാട് പാലം മാറ്റി സ്ഥാപിക്കണമെന്ന് വാർഡ് സഭയിൽ പ്രമേയം പാസാക്കിയ കൗൺസിലറും അതേ പ്രമേയം നഗരസഭ കൗൺസിലിലവതരിപ്പിച്ച് പാസാക്കിയ നഗരസഭാ ചെയർമാനും പാലത്തിന്റെ നിലവിലെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുവാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
ആറ് വർഷം മുൻപ് തുടങ്ങിയ വളന്തക്കാട് പാലം നിർമാണത്തിനിടയിൽ കോവിഡ് മഹാമാരിയുണ്ടായതോടെ പണികൾ തടസപ്പെടുകയായിരുന്നു. നിർമാണം വൈകിയതോടെ സാമഗ്രികളുടെ വില വർധിച്ച് പാലം നിർമാണം പ്രതിസന്ധിയിലാകുകയും സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് നിർമാണം പൂർത്തീകരിക്കുന്നതിനായി മൂന്നു കോടി രൂപ എ.എ. റഹീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിപ്പിക്കുകയായിരുന്നു.
70 ശതമാനം പൂർത്തിയായ പാലം 100 മീറ്റർ മാറ്റി നിർമിക്കണമെന്നാണ് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സനും ഡിവിഷൻ കൗൺസിലറും ചേർന്ന് നഗരസഭാ കൗൺസിലിൽ പ്രമേയം പാസാക്കിയത്. ഇവർ ചൂണ്ടിക്കാണിച്ചിട്ടുള്ള സ്ഥലത്ത് പാലം വന്നാൽ സ്വകാര്യ കമ്പനി ഗ്രൂപ്പിന്റെ സ്ഥലത്തേയ്ക്കാണ് പാലം എത്തിച്ചേരുക.
ആരംഭ ഘട്ടത്തിലെ തൂണുകളുടെ ചിത്രം കൊടുത്ത് പാലം പണി നിലച്ചിരിക്കുന്നുവെന്ന വ്യാജ വാർത്ത നൽകി നഗരസഭ ചെയർമാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാലം നിർമാണത്തിന്റെ മൂന്നാം ഘട്ടം അടുത്തയാഴ്ച തുടങ്ങുമെന്ന് കെൽ കമ്പനി അറിയിച്ചിട്ടുണ്ടെന്നുംസിപിഎം മരട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.പി.സുനിൽകുമാർ പറഞ്ഞു.