മഞ്ഞപ്പിത്തം; കരുമാലൂരിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന
1516844
Sunday, February 23, 2025 3:49 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റിലെ അന്തേവാസികളായ ആറു പേർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും അതിൽ ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
ഇവിടെയുള്ള കിണറുകളിലെ വെള്ളത്തിൽ രോഗം പടരാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവിഭാഗം മുൻപു നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നു കഴിഞ്ഞ രണ്ടാഴ്ചയായി ക്ലോറിനേഷൻ പോലുള്ള നടപടിക്രമങ്ങൾ നടത്തി വരികയായിരുന്നു. ഇതിനിടെയാണു ഒരാൾ മരിച്ചത്.
കഴിഞ്ഞ മാസവും വെളിയത്തുനാട് മേഖലയിൽ മൂന്നു പേർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും അതിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അന്നു 50 വീടുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസത്തോളമായി പ്രദേശത്തു മഞ്ഞപ്പിത്ത ഭീതി ഉയർന്നിട്ടും ആരോഗ്യവിഭാഗം വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിർമാർജനവും ശരിയായ വിധത്തിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഉപയോഗത്തിലുള്ള കിണറുകളിലെയും ജലമൂറ്റൽ കേന്ദ്രങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് നേരത്തെയും ഇവിടെ മരണം നടന്നിരുന്നു. ഇതോടെ ജനം പരിഭ്രാന്ത്രിയിലാണ്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അറിയിച്ചു.