പായിപ്ര പഞ്ചായത്തിൽ റോഡുകളെല്ലാം തകർന്ന് തരിപ്പണമായി
1516599
Saturday, February 22, 2025 3:59 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മൂടവൂർ പ്രദേശത്തെ പ്രധാന പഞ്ചായത്ത് റോഡുകളെല്ലാം തകർന്ന് തരിപ്പണമായി. പതിനാറാം വാർഡിലെ റോഡുകൾ തകർന്നതോടെ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. മുടവൂർ-കുന്നക്കാൽ റോഡ് നാല് കിലോ മീറ്റർ ദൂരമാണുള്ളത്. ഇതിൽ രണ്ട് കിലോ മീറ്റർ പായിപ്ര പഞ്ചായത്തിലും ബാക്കി വാളകം പഞ്ചായത്തിലുമാണ്.
പായിപ്ര പഞ്ചായത്തിലെ രണ്ട് കിലോ മീറ്റർ ദൂരവും തകർന്നാണ് കിടക്കുന്നത്. മറ്റൊരു റോഡ് മുടവൂർ കടാതി പള്ളിത്താഴം റോഡാണ് ഇതും തകർന്ന നിലയിലാണ്. ഇതിലൂടെ കാൽനടയാത്ര പോലും ദുസഹമാണ്. വേറൊരു റോഡ് അര കിലോമീറ്റർ ദൂരമുള്ള നാന്പുഴചിറ അന്പലം റോഡാണ്.
റോഡ് നവീകരിക്കണമാവശ്യപ്പെട്ട് നിരവധി പരാതികളാണ് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നൽകിയത്. എന്നാൽ റോഡ് നവീകരണത്തിനുമാത്രം തുകയില്ലെന്ന പല്ലവിയാണ് സ്ഥിരമായികേൾക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഈ സാന്പത്തിക വർഷം അവസാനിക്കുന്പോഴേക്കും റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന പ്രതീക്ഷയും ഇല്ലാതായതോടെ ജനങ്ങൾ ബഹുജന പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.