ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി
1516614
Saturday, February 22, 2025 4:10 AM IST
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. വെറ്റിലേറ്ററിന്റെ സഹാത്തോടെ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ഇന്ന് കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് നിലവില്‍ ചികിത്സിക്കുന്ന ലൂര്‍ദ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞ 29ന് ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.
എന്നാല്‍ ഭാരക്കുറവുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. കുഞ്ഞിന് ലൂര്‍ദ് ആശുപത്രിയിലും അമ്മക്ക് ജനറല്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ. അഛന് രണ്ടിടത്തും മാറിമാറി നിന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം അച്ഛന് ആശുപത്രിയിലേക്ക് വന്നിട്ടില്ലെന്നും ലൂര്‍ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനിടെ കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. ഇതിന് ശേഷമാണ് മാതാപിതാക്കള്‍ സ്ഥലം വിട്ടത്. ഇതിനിടെ വിഷയത്തില്‍ മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടായി.
വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും കുഞ്ഞിന് ഒരുമാസത്തെ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ഇന്ന് തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.