മരടില്‍ മാലിന്യ സംസ്കരണ പ്ലാന്റ് വരുന്നു
1516612
Saturday, February 22, 2025 4:10 AM IST
കൊച്ചി: മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ മരട് നഗരസഭ. ഇതിനായി സ്ഥലം ഏറ്റെടുക്കലിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥല പരിശോധനയുടെ റിപ്പോര്‍ട്ട് മരട് വില്ലേജില്‍ നിന്നും തഹസില്‍ദാര്‍ക്ക് കൈമാറി അനുബന്ധ നടപടികള്‍ നടക്കുകയാണ്.
ഇതര ഡിപ്പാര്‍ട്ട്മെന്റുകളുടെ ഭൂമിയായതിനാല്‍ കളക്ടര്‍ക്ക് മാത്രം ഈ വിഷയം തീരുമാനിക്കാനാകില്ല. മന്ത്രിതലത്തില്‍ തീരുമാനമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഭൂമി അനുവദിച്ചാല്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ അവിടെ സ്ഥാപിക്കാനാകും.
ആധുനിക രീതിയിലുള്ള ഈ ഉപകരണം സംസ്കരണ സമയത്ത് മണമോ മറ്റൊന്നും തന്നെ പുറത്തേക്കു വരാത്ത രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഭൂമി ലഭ്യമായാല്‍ നഗരസഭയിലെ ജൈവ മാലിന്യത്തിന് ശാശ്വത പരിഹാരമാകും.
മാലിന്യ സംസ്കരണത്തിനായി നിലവിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി കൂടാതെ അത്യാധുനിക കണ്‍വെയര്‍ ബെല്‍റ്റ് ഉള്‍പ്പെടെയുള്ള മെഷീനുകള്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം സജ്ജീകരിച്ചുണ്ട്. കൂടാതെ ആറ് ഇഓട്ടോകൾ വാങ്ങുകയും ചെയ്തു.
കലണ്ടര്‍ അടിസ്ഥാനത്തില്‍ ഈ വേസ്റ്റ് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. 90 ശതമാനം സബ്സിഡിയില്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനായി വിവിധ ഉപകരണങ്ങളും വിതരണം ചെയ്തു.
എങ്കിലും ജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും സംസ്കരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ജൈവ മാലിന്യ സംസ്കരണ പദ്ധതിക്കായി 50 സെന്റ് വരെ ജില്ലാ കളക്ടര്‍ക്ക് അനുവദിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണം എന്ന് നവംബര്‍ 18ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഗരസഭ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റിനുള്ളില്‍ 50 സെന്റ് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ക്കൊപ്പം മരട് വില്ലേജ് ഓഫീസര്‍ എസ്.ബി. ബിജു, നഗരസഭാ ചെയര്മാന് ആന്റണി ആശാംപറമ്പില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.