പൂര്‍വവിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വീണ്ടും മാഷായി പ്രഫ. എം.കെ. സാനു
1516847
Sunday, February 23, 2025 3:49 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിഎ മലയാളം പൂര്‍വവിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രഫ. എം.കെ. സാനു വീണ്ടും മാഷായി. 1977-80 ബാച്ചിന്റെ ഒത്തുകൂടലിലാണ് പ്രഫ. എം.കെ. സാനു വീണ്ടും അധ്യാപകനായി വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തിയത്. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ആദ്യ ബാച്ചാണിത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ ഓര്‍മകള്‍ ക്ലാസ് മുറിയില്‍ പങ്കുവച്ചു. എല്ലാം കേട്ട് തലയാട്ടി സാനു മാഷും അവര്‍ക്കൊപ്പം കൂടി.
അഖിലാണ്ഡ മണ്ഡലം എന്ന പാട്ടോടെയാണ് പരിപാടി ആരംഭിച്ചത്. അധ്യാപകനാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് സാനു മാഷ് ഓര്‍മ്മ പങ്കിട്ടു. ഒന്നാം ക്ലാസില്‍ തന്നെ പഠിപ്പിച്ച ആര്. സുഗതന് എന്ന തല്ലാത്ത സാറായിരുന്നു തന്റെ മാതൃക. ശമ്പളം കിട്ടുന്ന ദിവസം മിഠായിയുമായി വരുന്ന സുഗതന് മാഷ് കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്നു.
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍ എന്ന കുമാരനാശാന്റെ വരികളാണ് താൻ എന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് എം.വി. ബെന്നിയും വിദ്യാര്‍ഥികളിലൊരാളായി എത്തിയിരുന്നു. ഓര്‍മകൾ പങ്കിട്ടശേഷം എല്ലാവരും ചേർന്ന് ഫോട്ടാ എടുത്തു. തുടർന്ന് സദ്യയുമുണ്ടായിരുന്നു.
പരിപാടികൾക്ക് ജോസ് മഞ്ഞില നേതൃത്വം നല്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷജില ബീവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. സുജ, ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവരും പങ്കെടുത്തു.