കോടനാട് ചികിത്സയ്ക്കെത്തിയ കൊമ്പൻ ചെരിഞ്ഞു
1516618
Saturday, February 22, 2025 4:10 AM IST
പെരുമ്പാവൂർ: മസ്തകത്തിൽ മുറിവേറ്റ് കോടനാട് ചികിത്സയ്ക്കെത്തിയ കൊമ്പൻ ചെരിഞ്ഞു. കോടനാട് അഭയാരുണ്യത്തിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് ആന ചെരിഞ്ഞത്. മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളി വനത്തിൽ കാണപ്പെട്ട കൊമ്പനെ മയക്കുവെടി നൽകി ബുധനാഴ്ചയാണ് കോടനാട് അഭയാരുണ്യത്തിൽ എത്തിച്ചത്. കൊമ്പന്റെ ചികിത്സയ്ക്കായി പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് ചികിത്സക്കായുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നത്.
ആനയെ കേന്ദ്രത്തിൽ എത്തിച്ച ശേഷം മുറിവിൽ മരുന്നു വച്ച് ചികിത്സകൾ തുടരുന്നതിനിടെയാണ് ഇന്നലെ ചെരിഞ്ഞത്. ഡോക്ടർമാരുടെ പ്രത്യേക സംഘം എപ്പോഴും കൂടെയുണ്ടായിരുന്നു. ആനയുടെ മസ്തകത്തിലെ മുറിവിന് 30 സെന്റീമീറ്ററോളം ആഴമുണ്ടായിരുന്നു. മറ്റേതെങ്കിലും ആനയുടെ കുത്തേറ്റതാകാം എന്നാണ് നിഗമനം. എന്നാൽ മുറിവിന്റെ വ്യാപ്തി തുമ്പിക്കൈയ്യിലേക്ക് കൂടി വ്യാപിച്ചതും ആരോഗ്യസ്ഥിതി ഗുരുതരമാക്കി.
വെള്ളം കുടിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കൊമ്പന്റെ ശ്വാസം പുറത്തേക്കു പോയിരുന്നത് ഈ മുറിവിലൂടെയായിരുന്നു. കൂട്ടിലേക്ക് മാറ്റിയതിന് ശേഷം കൊമ്പൻ വളരെ ക്ഷീണിതനായിരുന്നു.
ഇന്നലെ രാവിലെയും വെള്ളം കുടിച്ചിരുന്ന ആന ഉച്ചയ്ക്ക് 12 ഓടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാകാം കൊമ്പൻ പെട്ടെന്ന് ചരിയാൻ കാരണമെന്നാണ് നിഗമനം. ഡോ. അനൂപ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ആനയുടെ ജഡം അഭയാരുണ്യത്തിൽ തന്നെ സംസ്കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.