ഭൂനികുതി വർധനയ്ക്കെതിരെ പ്രതിഷേധ യോഗം
1516858
Sunday, February 23, 2025 3:57 AM IST
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റിൽ ഭൂനികുതി വർധിപ്പിച്ചതിനെതിരെ കോണ്ഗ്രസ് മാറാടി, മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മാറാടി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉദ്ഘാടനം ചെയ്തു. മുന്പ് ഇന്ധന വിലയിൽ സെസ് ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമായ നടപടിയാണിതെന്ന് സാബു ജോണ് പറഞ്ഞു.
വൻകിടക്കാരിൽനിന്ന് 28,000 കോടിയാണ് നികുതി ഇനത്തിൽ പിരിച്ചെടുക്കാതെ സർക്കാർ സഹായിക്കുന്നത്. സർക്കാരിന് ലഭിക്കേണ്ട വരുമാനം പാവപ്പെട്ട ജനങ്ങളുടെ ബാധ്യതയിലേക്ക് വരികയാണ്. വരുമാനം നൽകുന്ന വികസന പദ്ധതികൾ കണ്ടെത്തി യാഥാർഥ്യമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എന്നാൽ ഇതിന് പകരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ സർക്കാർ പിൻവലിക്കണം. സാധാരണക്കാരുടെ ഇന്നത്തെ ജീവിത സാഹചര്യത്തിൽ 50 ശതമാനം നികുതി വർധന എന്നത് വലിയൊരു ബാധ്യതയാണ്. ഇത് പിൻവലിക്കണമെന്നും കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു. മാറാടി മണ്ഡലം പ്രസിഡന്റ് പി.പി. ജോളി അധ്യക്ഷത വഹിച്ചു.
കോതമംഗലം: ഭൂനികുതി വർധനവടക്കം വിവിധ മേഖലകളിൽ സർക്കാർ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണെന്നും ജനങ്ങൾ ദുരിതക്കയത്തിലാണെന്നും കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ. അമിത ഭൂ നികുതി വർധനവിനും അഴിമതി ഭരണത്തിനുമെതിരെ കോണ്ഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോതമംഗലം വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.ആർ. അജി അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി: കോട്ടപ്പടി വില്ലേജ് ഓഫീസിന് മുന്നിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കെപിസിസി അംഗം എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. ഒൻപത് വർഷത്തെ പിണറായി ഭരണകാലം ചരിത്രത്തിലെ ഏറ്റവും ജനദ്രോഹ സർക്കാരായി രേഖപ്പെടുത്തപ്പെട്ടുവെന്ന് എ.ജി. ജോർജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
പിണ്ടിമന: പിണ്ടിമന വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൽദോസ് കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.
നെല്ലിക്കുഴിയിൽ നടത്തിയ ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. നാസർ വട്ടേക്കാടൻ അധ്യക്ഷത വഹിച്ചു. തൃക്കാരിയൂരിൽ ഭാനുമതി രാജു ധർണ ഉദ്ഘാടനം ചെയ്തു. സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
കീരംപാറയിൽ പ്രിൻസ് വർക്കി ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. കവളങ്ങാട് എം.വി. റെജി ഉദ്ഘാടനം ചെയ്തു. ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.