ഭാര്യയുടെ തുണിക്കടയുടെ പേരിലും മുന്‍ ആര്‍ടിഒ 75 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
1516837
Sunday, February 23, 2025 3:40 AM IST
കൊച്ചി: കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്‍സണ്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരംഭകന് അല്‍ അമീന്. ജെര്‍സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ പണി തരുമെന്ന് ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെയാണ് ഇടപ്പള്ളി സ്വദേശിയായ ഇദ്ദേഹം പരാതിയുമായി പോലീസിനെയും വിജിലന്‍സിനെയും സമീപിച്ചത്.
വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചതായി പരാതിയില്‍ പറയുന്നു. മാതാവിനൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് ഇദ്ദേഹം. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. 2022ല്‍ ജെര്‍സണ്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങി.
കടയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടു. പിന്നീട് ആര്‍ടിഒ, ഭാര്യയുടെയും അല്‍ അമീന്റെയും പേരില്‍ ജിഎസ്ടി രജിസ്ട്രേഷനും ജോയിന്റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം മെച്ചമായ നിലയില്‍ നടന്നിട്ടും അല്‍ അമീന് പണം തിരികെ നല്‍കിയില്ല. വിറ്റുവരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. തന്റെ പണം തിരികെ ചോദിച്ചു ചെന്നപ്പോൾ പണി തരുമെന്ന ഭീഷണിപ്പെടുത്തിയെന്നും അല്‍ അമീന് പറയുന്നു.
നിയമനടപടിക്ക് മുതിര്‍ന്നെങ്കിലും ഭയം കാരണം മുന്നോട്ടു പോയില്ല. കൈക്കൂലി കേസില്‍ ആര്‍ടിഒ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് യുവാവ് പറയുന്നു.