കേന്ദ്രബജറ്റിൽ കേരളം എന്ന വാക്കുപോലുമില്ലെന്ന് സന്ദീപ് വാര്യർ
1516856
Sunday, February 23, 2025 3:57 AM IST
ആലുവ: കേന്ദ്രബജറ്റിൽ കേരളം എന്ന വാക്ക് കാണിച്ചു തന്നാൽ ബിജെപി പറയുന്ന പണി ചെയ്യാമെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യർ. എടത്തല മണലിമുക്കിൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു കെ.പി. സന്ദീപ് വാര്യർ.
കേരളം രണ്ടാനമ്മയ്ക്ക് ഉണ്ടായ കുട്ടിയാണോയെന്നും അവഗണനയ്ക്ക് കാരണമെന്താണെന്നും സന്ദീപ് വാര്യർ ചോദിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിന്നോക്ക സംസ്ഥാനമായി എഴുതിക്കൊടുത്താൽ പരിഗണിക്കാമെന്ന നിലപാടിനേയും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ് നടത്തുന്നതിന് മുമ്പ് കേരളത്തോടും തലമുറകളോടും സിപിഎം മാപ്പ് ചോദിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. ആധുനിക കേരളം സൃഷ്ടിച്ച യുഡിഎഫ് മുഖ്യമന്ത്രിമാർ കൊണ്ടുവന്ന എല്ലാ വികസന പദ്ധതികളേയും സിപിഎം എതിർത്തിട്ടേയുള്ളൂ.
കൊച്ചി വിമാനത്താവളം, വിഴിഞ്ഞം തുടങ്ങിയ പദ്ധതികളെ എതിർത്ത് സംവത്സരങ്ങൾ കേരളത്തെ പിന്നോട്ട് നയിച്ചു. സ്വകാര്യ സംരംഭകർ കേരളം വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നൊച്ചിമ, എടത്തല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് എ.എ. മാഹിൻ അധ്യക്ഷനായി.