വംശനാശം : എട്ട് തരം തുമ്പികള്‍ അപ്രത്യക്ഷമായെന്ന് പഠനം
1516611
Saturday, February 22, 2025 4:10 AM IST
കൊച്ചി: പശ്ചിമഘട്ടത്തിലുടനീളം നടത്തിയ പഠനത്തില്‍ എട്ട് വര്‍ഗത്തില്‍പ്പെട്ട തുമ്പികള്‍ക്ക് വംശനാശം സംഭവിച്ചതായി റിപ്പോര്‍ട്ട്. പൂനെ എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് തുമ്പികള്‍ക്ക് വംശനാശം സംഭവിക്കുന്നതായി കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ ഇന്‍സെക്ട് സയന്‍സില്‍ ഇതിനോടകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആസൂത്രിതമല്ലാത്ത നഗരവത്കരണം, വര്‍ധിച്ച ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയാണ് തുമ്പികളിലെ വംശനാശത്തിന് കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മാത്രമല്ല 27 ജീവവർഗങ്ങള്‍ വിവധ തരം പരിണാമങ്ങള്‍ക്ക് വിധേയമായതായും പഠനത്തില്‍ പറയുന്നു.
എംഐടിഡബ്ല്യുപിയു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡോ. പങ്കജ് കൊപാര്‍ഡെ, പിഎച്ച്ഡി സ്കോളര്‍ അരജുഷ് പെയ്റ, അമിയ ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.