സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു
1516613
Saturday, February 22, 2025 4:10 AM IST
കൊച്ചി: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന കോട്ടക്കണക്കന് പറമ്പില്‍ കെ.ആര്. മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരന് രാജാമണി, രാജാമണിയുടെ മകന് രാജേഷ് എന്നിവര്‍ക്ക് പറവൂര്‍ അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയുമാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
ഒന്നും രണ്ടും പ്രതികളായ രാജേഷും രാജാമണിയും നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് സംശയത്തിന്റെ ആനുകൂല്യം നല്കി ഇരുവരേയും വിട്ടയച്ചത്. ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് തീവെട്ടി പിടിക്കുന്ന തൊഴില്‍ സംബന്ധിച്ച് മോഹനനും രാജമണിയും തമ്മിലുണ്ടായ വാക്കേറ്റമാണ് 2010 മാര്‍ച്ച് ആറിന് മോഹനനന്റെ മരണത്തിനിടയാക്കിയത്. കുടുംബ വീടിന്റെ മുറ്റത്തുവെച്ച് പ്രതികള്‍ മോഹനനെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് കേസ്.
തമ്മില്‍ വാക്കേറ്റമുണ്ടായെന്നല്ലാതെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.