ജില്ലയില്‍ ഗോസമൃദ്ധി ഇൻഷ്വറന്‍സ് പദ്ധതിക്ക് തുടക്കം
1516839
Sunday, February 23, 2025 3:40 AM IST
കൊച്ചി: ഗോസമൃദ്ധി എന്‍എല്‍എം ഇൻഷ്വറന്‍സ് പദ്ധതി എറണാകുളം ജില്ലയില്‍ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടു കൂടി ജില്ലയില്‍ പശു, എരുമ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകനും പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. ഉരുക്കളുടെ മരണം, ഉത്പാദന ക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ അപകട മരണം എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. മൂന്നു വര്‍ഷത്തേക്കും ഒരുവര്‍ഷത്തേക്കും ഉരുക്കളെ ഇൻഷ്വര്‍ ചെയ്യാം.
ജനറല്‍ വിഭാഗത്തിലും പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും ഈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ ആകാം. പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ സ്വന്തം തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി. സജികുമാര്‍, ജില്ലാ ഇൻഷ്വറന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. എസ്. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
65000 രൂപ മതിപ്പു വില വരുന്ന ഉരുവിന് ജനറല്‍ വിഭാഗത്തിന് 1356 രൂപയും എസ്സി എസ്ടി വിഭാഗത്തിന് 774 രൂപയുമാണ് ഗുണഭോക്തൃ വിഹിതം. മൂന്നു വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3319 രൂപയും എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് 1892 രൂപയുമാണ് കര്‍ഷക വിഹിതം. പദ്ധതിയുടെ സബ്സിഡിയില്‍ 1456 രൂപ സര്‍ക്കാര്‍ വിഹിതവും 100 രൂപ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെയുമാണ്.
100 രൂപ പ്രീമിയത്തില്‍ കര്ഷകന് അഞ്ചു ലക്ഷം രൂപയുടെ അപകട ഇൻഷ്വറന്‍സ് പരിരക്ഷ ലഭിക്കും. ജില്ലയിലെ 3,325 ഉരുക്കള്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.