ആലുവ ശിവരാത്രി നടപ്പാലം ദീപാലംകൃതമാക്കും: മന്ത്രി
1516841
Sunday, February 23, 2025 3:40 AM IST
നെടുമ്പാശേരി: സംസ്ഥാനത്തെ പ്രധാനപ്പെട്ട പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ ഭാഗമായി ആലുവ ശിവരാത്രി നടപ്പാലം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ദീപാലംകൃതമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നെടുമ്പാശേരി പഞ്ചായത്തിലെ ആലുങ്കൽകടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ച് വർഷത്തിനകം 100 പാലങ്ങൾ എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൂന്നേകാൽ വർഷം പിന്നിട്ടപ്പോഴേക്കും ലക്ഷ്യം കവിഞ്ഞു. പാലം വന്നാൽ നാട് ആകെ മാറുകയാണ്. അതിന് തെളിവാണ് ഉദ്ഘാടന യോഗങ്ങളിലെല്ലാം വലിയ ആൾക്കൂട്ടമെത്തുന്നത്. ആലുവ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് മുമ്പായി മന്ത്രിയും മറ്റ് ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം പാലത്തിലൂടെ കാൽനടയായി സഞ്ചരിച്ചു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, എം.ജെ. ടോമി എന്നിവർ സംസാരിച്ചു.