തടിക്കക്കടവ്-അടുവാശേരി പാലത്തിൽ ഇന്നുമുതൽ വർണവെളിച്ചം
1516584
Saturday, February 22, 2025 3:39 AM IST
നെടുമ്പാശേരി: കുന്നുകര - കരുമാല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെയുള്ള തടിക്കക്കടവ് - അടുവാശേരി പാലത്തിൽ ഇന്ന് മുതൽ വർണവെളിച്ചം. ഇന്ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വർണ വെളിച്ചം സ്വിച്ച് ഓൺ ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
സിയാൽ സിഎസ്ആർ ഫണ്ടിൽ നിന്നും പാലം സൗന്ദര്യവത്കരണത്തിനായി അനുവദിച്ച തുക ഉപയോഗിച്ചാണ് പാലത്തിൽ ഇരുവശത്തുമായി 50 ഓളം വർണ വിളക്കുകൾ സ്ഥാപിച്ചത്. ഒരടി ചതുരശ്ര വിസ്തീർണത്തിൽ അഞ്ച് അടിയിലേറെ ഉയരമുള്ള ചില്ല് കൂടിൽ ചുവപ്പ്, നീല, പച്ച നിറങ്ങൾ തെളിയും. പാലം പെയിന്റും ചെയ്തു.
സിയാലിൽ നിന്നും ആദ്യഘട്ടമായി ലഭിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് കെൺട്രോൺ ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. പാലത്തിന്റെ നടപ്പാതയിൽ നാലടിയോളം ഉയരത്തിൽ പ്രത്യേക ബോക്സ് സ്ഥാപിച്ച് അതിന് മുകളിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ കരുമാല്ലൂർ പഞ്ചായത്തിന്റെ ഭാഗമായ തടിക്കക്കടവ് ഭാഗത്ത് പാലത്തിനോട് ചേർന്ന് പെരിയാറിന്റെ തീരത്ത് പാർക്ക് നിർമിക്കും. 49 ലക്ഷം രൂപയാണ് രണ്ടാംഘട്ടത്തിൽ ലഭിക്കുക.
പെരിയാറിന് കുറുകെയാണ് പാലമെങ്കിലും പാലം കരുമാല്ലൂർ പഞ്ചായത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. പത്ത് വർഷം മുമ്പ് തുറന്ന പാലത്തിൽ സോളാർ ലൈറ്റുകളാണ് ആദ്യം ഉണ്ടായിരുന്നത്. ബാറ്ററികൾ മോഷ്ടിച്ചും പാനലുകൾ തകരാറിലായും പാലത്തിലെ ലൈറ്റുകളെല്ലാം അണഞ്ഞതിന് ശേഷം കരുമാല്ലൂർ പഞ്ചായത്ത് ട്യൂബുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതും എല്ലാം അണഞ്ഞ അവസ്ഥയിലാണ്. തടിക്കക്കടവ് പാലത്തിൽ നിന്ന് നോക്കിയാൽ പെരിയാറിന്റെ ദൃശ്യം അതിമനോഹരമാണ്. ഇരുവശവും പച്ചപ്പ്. പാലത്തിൽ വർണ ലൈറ്റുകൾ കൂടി തെളിയുന്നതോടെ കൂടുതൽ ആകർഷകമാകും. രണ്ടാംഘട്ടത്തിൽ പാർക്ക് തുറക്കുന്നതോടെ സഞ്ചാരികളെയും ആകർഷിക്കാനാകും.