കൈക്കൂലി കേസ് : ആര്‍ടിഒയും ഏജന്റുമാരും വിജിലന്‍സ് കസ്റ്റഡിയില്‍
1516619
Saturday, February 22, 2025 4:12 AM IST
മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയെയും ഏജന്റുമാരെയും വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്കാന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ എറണാകുളം ആര്‍ടിഒ ഏളമക്കര തൊട്ടിപ്പറ ടി.എം. ജെര്‍സണ്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഏജന്റുമാരായ ചുള്ളിക്കല്‍ ജി. രാമപടിയാര്‍, മരട് മണപ്പാടുപറമ്പില് ആര്. സജേഷ് (സജി) എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തിങ്കളാഴ്ച വൈകുന്നേരം നാലുവരെ വിജിലന്‍സ് കസ്റ്റഡില്‍ വിട്ടത്.
ബുധനാഴ്ച വിജിലന്‍സ് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ മൂവാറ്റുപുഴ കോടതി വിജിലന്‍സ് കസ്റ്റഡി അപേക്ഷ പരിഗണിക്കുകയും തിങ്കളാഴ്ച വരെ പ്രതികളുടെ കസ്റ്റഡി കാലവധി അനുവദിക്കുകയുമായിരുന്നു.
അറസ്റ്റിലായ ആര്‍ടിഒയുടെ എളമക്കരയിലെ വീട്ടില്‍ നിന്ന് നൂറു ലിറ്ററിലേറെ വരുന്ന വിദേശമദ്യകുപ്പികളും, അറുപതിനായിരത്തിലേറെ രൂപയും പിടികൂടിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.
തനിക്കെതിരെയുള്ള വിലിജിലന്‍സ് കണ്ടെത്തലുകള്‍ കളവാണെന്നും മദ്യക്കുപ്പികള്‍ ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നല്‍കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രാഥമികവാദം കേട്ടു. തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
ജെര്‍സണ്‍ സസ്പെൻഷന്
കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി.എം. ജെര്‍സണെ സസ്പെൻഡ് ചെയ്തു. എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്‍ടിഒ കെ. മനോജിന് പകരം ചുമതല. മുന്‍പു ആര്‍ടിഒയുടെ പകരം ചുമതല വഹിച്ച ഉദ്യോഗസ്ഥനാണ് മനോജ്.
അളവിലധികം മദ്യം സൂക്ഷിച്ച കേസിലും പ്രതിയാകും
കാക്കനാട്: ബസ്പെർമിറ്റിനു കൈക്കൂലിയും മദ്യവും വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന എറണാകുളം ആർടിഒ ജെർസനെതിരെ നിയമപ്രകാരമുള്ള അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കേസിലും പ്രതിയാവും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷംവിശദമായി ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം.
ഇടനിലക്കാർ മുഖേന പണവും വില കൂടിയ വിദേശമദ്യവും കൈകൂലിയായി വാങ്ങിയിരുന്ന ജെർസനെതിരെ മൊഴി നൽകിയതും ഇടനിലക്കാർ തന്നെയാണ്.