കോണ്‍ഫ്ളേക്സ് കവറില്‍ കൊച്ചിയിലെത്തിയത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
1516833
Sunday, February 23, 2025 3:40 AM IST
കൊച്ചി: കൊച്ചിയില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേന പാഴ്സലില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ കാക്കനാട് സ്വദേശി സാവിയോ ഏബ്രഹാം ജോസഫ്(37)നെ കസ്റ്റംസ് അറസ്റ്റ് ചെയതു. സംസ്ഥാനത്ത് ഫോറിന് തപാല്‍ ഓഫീസ് വഴി നടത്തിയ ഏറ്റവും വലിയ ലഹരി കടത്താണിതെന്ന് കസ്റ്റംസ് പറഞ്ഞു.
കഴിഞ്ഞ 18ന് തായ്ലന്ഡില് നിന്നുമാണ് കാരയ്ക്കാമുറിയിലുള്ള ഫോറിന് തപാല്‍ ഓഫീസിലേക്ക് വ്യാജവിലാസത്തില്‍ പാഴ്സലെത്തിയത്. ഭക്ഷ്യവസ്തുവായ കോണ്‍ഫ്ളേക്സ് പാക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വ്യാജ വിലസം ശ്രദ്ധയില്‍പ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് കസ്റ്റംസ് ഒരു ഡമ്മി പാഴ്സല്‍ കഴിഞ്ഞ 20ന് ഈ വ്യാജ മേല്‍വിലാസത്തിലേക്ക് അയച്ചു. ഇത് സാവിയോടെ കൈവശം എത്തുകയും ഇയാള്‍ കൈപ്പറ്റുകയും ചെയ്തതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ കഞ്ചാവ് വരുത്തിച്ചതാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു.
പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്നും 30ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 50 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമിടയില്‍ ഇയാള്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്തിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രതി ഉള്‍പ്പെടുന്ന ലഹരി വിതരണ സംഘത്തെക്കുറിച്ചുള്ള നിര്‍ണായ വിവരങ്ങളും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് ഫോറിന് തപാല്‍ എക്സ്ചേഞ്ചുകള്‍ക്ക് പുറമേ 13 ഫോറിന് പോസ്റ്റ് ഓഫീസുകളുമുണ്ട്. എക്സ്ചേഞ്ച് ഓഫീസിലേക്ക് എത്തുന്ന വിദേശ കൊറിയര്‍ പരിശോധന പൂര്‍ത്തിയാക്കി ഫോറിന് പോസ്റ്റ് ഓഫീസിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.