ഖജനാവ് കൊള്ളയടിക്കുകയാണെന്ന് ജെബി മേത്തർ എംപി
1516596
Saturday, February 22, 2025 3:54 AM IST
കോതമംഗലം: പിഎസ്സി അംഗങ്ങൾക്കും സർക്കാർ അഭിഭാഷകർക്കും ശന്പളം വാരിക്കോരി കൊടുത്ത് പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് കോതമംഗലത്ത് നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.
തുച്ഛമായ വേതനം കൃത്യമായി കിട്ടുന്നതിന് ആശാവർക്കർമാർ രാപ്പകൽ സമരം ചെയ്യുന്പോഴാണ് സർക്കാർ തന്നെ നടത്തുന്നത്. ആശാവർക്കർമാരുടെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 23ന് മഹിള കോണ്ഗ്രസ് സെക്രട്ടറിയേറ്റിനു മുൻപിലെ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ പ്രകടനവും ജില്ലകളിൽ ഐക്യദാർഢ്യ സദസും സംഘടിപ്പിക്കുമെന്നും ജെബി മേത്തർ പറഞ്ഞു.
വാരപ്പെട്ടി, പല്ലാരിമംഗലം, നെല്ലിമറ്റം, നേര്യമംഗലം, കുട്ടന്പുഴ, വടാട്ടുപാറ, കീരംപാറ, പിണ്ടിമന, കോട്ടപ്പടി, തൃക്കാരിയൂർ, നെല്ലിക്കുഴി, ചെറുവട്ടൂർ, കോതമംഗലം ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങൾ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് ജില്ലാ കണ്വീനർ ഷിബു തെക്കുംപുറം, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെപിസിസി അംഗങ്ങളായ എ.ജി. ജോർജ്, കെ.പി. ബാബു എന്നിവർ ഉദ്ഘാടനം ചെയ്തു.
പാലക്കുഴ: മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രക്ക് പാലക്കുഴയിൽ സ്വീകരണം നൽകി. ക്ഷീരസംഘം ഹാളിൽ നടന്ന സ്വീകരണ യോഗം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേരി മാത്യൂ അധ്യക്ഷത വഹിച്ചു
മൂവാറ്റുപുഴ: പാറശാല മുതൽ കാസർഗോഡ് വരെ മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. നഗരസഭ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ നേതൃത്വം നൽകി. കിഴക്കേക്കരയിൽ നടന്ന സ്വീകരണ സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.