കാപ്പ ചുമത്തി നാടുകടത്തി
1516851
Sunday, February 23, 2025 3:49 AM IST
കൊച്ചി: നഗരപരിധിയിലെ വിവിധ കേസുകളില്‍ പ്രതിയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുമായിരുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എറണാകുളം തേവര കോന്തുരുത്തി സ്വദേശി ജസ്റ്റിന് മാത്യു(20) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്.
എറണാകുളം ടൗണ്‍ സൗത്ത്, എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ നരഹത്യാശ്രമം, ദേഹോദ്രവം എല്പ്പിച്ചുകൊണ്ടുള്ള കവര്‍ച്ച, സ്ത്രീകളുടെ മര്യാദയ്ക്ക് ലംഘനം വരത്തക്കവിധം പ്രവര്‍ത്തിക്കുക തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് ഉത്തരവ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.