ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കും
1516853
Sunday, February 23, 2025 3:57 AM IST
കൊച്ചി: കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ ദുരന്ത നിവാരണ നിയമപ്രകാരം കുടിവെള്ള ടാങ്കറുകള്‍ വഴി വെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വേനല്‍ കടുത്ത സാഹചര്യത്തില്‍ കൃഷിനാശം ഒഴിവാക്കുന്നതിനായി ജലസേചന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന അവശ്യവും യോഗത്തിലുയര്‍ന്നു.
ചൂട് കൂടിയ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. മനുഷ്യ വന്യമൃഗ സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിക്കുന്നതും വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നതും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഗ്രാമീണ റോഡുകളുടെ നവീകരണം വൈകുന്നത് ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കൊച്ചി നഗരത്തിലെ കേബിള്‍ കുരുക്ക് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ടി.ജെ. വിനോദ് എംഎല്‍എ ആവശ്യപ്പെട്ടു. നഗരത്തിലെ വഴിയോരങ്ങളില്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തിയിട്ടുള്ള ലൈംഗിക തൊഴിലാളികളും ഒരു വിഭാഗം ട്രാന്‍സ്ജെന്‍ഡര്‍മാരും നടത്തുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം.
കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ തത്സ്ഥിതി യോഗത്തില്‍ അവലോകനം ചെയ്തു. മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മാത്യു കുഴല്നാടന് എംഎല്‍എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് തുടങ്ങിയവരും പങ്കെടുത്തു.