സർവമത സമ്മേളനത്തിന് അദ്വൈതാശ്രമം ഒരുങ്ങി
1516855
Sunday, February 23, 2025 3:57 AM IST
ആലുവ: ചരിത്രപ്രസിദ്ധമായ മഹാശിവരാത്രി ആഘോഷങ്ങൾക്കും 102 -ാമത് സർവമത സമ്മേളനത്തിനും ആലുവ അദ്വൈതാശ്രമത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 26ന് സർവമത സമ്മേളനവും സർവമത സമ്മേളന ശതാബ്ദി സമാപനവും നടക്കും. രാത്രി പത്ത് മുതൽ 27ന് ഉച്ചവരെ ബലിതർപ്പണം ഉണ്ടാകുമെന്ന് സെക്രട്ടറി സ്വാമി ധർമചൈതന്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഭദ്രദീപം തെളിക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് ഫാ. ഡേവിസ് ചിറമേൽ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി സദാത്മജാനന്ദ, ജിനേന്ദ്ര പ്രസാദ്, കെ. ജയകുമാർ, ഡോ. സുരേഷ് കുമാർ മധുസുദനൻ, ഡോ. ശാലിനി, വി. സന്തോഷ് ബാബു എന്നിവർ സംസാരിക്കും.
രാത്രി 7.30ന് സർവമത സമ്മേളന ശതാബ്ദിയാഘോഷ സമാപനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റീസ് കെ.ആർ. ശ്രീറാം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എ.വി. അനൂപ് ആമുഖപ്രസംഗം നടത്തും. ഡോ. ടോം ജോസഫ്, വി.പി. നന്ദകുമാർ, ഡോ. സി.കെ. രവി, വി.കെ. മുരളീധരൻ, കെ.എ. സോമകുമാർ എന്നിവർ സംസാരിക്കും.
കെ. ജയകുമാർ, പുനലൂർ സോമരാജൻ എന്നിവരെ ആദരിക്കും. 26ന് രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. ഒരേസമയം 2,000 പേർക്ക് തർപ്പണത്തിന് സൗകര്യമുണ്ടാവും. ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ വി.ഡി. രാജൻ, എൻ. രാമചന്ദ്രൻ, ഡി. ബാബുരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.