ഹൈക്കോടതി ഉത്തരവ് : റോഡ് പുറന്പോക്ക് ഒഴിപ്പിച്ചു
1516261
Friday, February 21, 2025 4:31 AM IST
മൂവാറ്റുപുഴ: കക്കടാശേരി - ഞാറക്കാട് റോഡിന്റെ ഭാഗമായ പടിഞ്ഞാറെ പുന്നമറ്റത്തെ റോഡ് പുറന്പോക്ക് ഭൂമി ഹൈക്കോടതി ഉത്തരവിനെതുടന്ന് ഒഴിപ്പിച്ചു. കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും പോലീസും എത്തിയാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്.
പുറന്പോക്ക് ഏറ്റെടുക്കലിനെതിരെ പുന്നമറ്റം പടിഞ്ഞാറേച്ചാലിൽ ഷാജഹാൻ, പി.എം. റൈഹാൻ, മുസ്തഫ, മുഹമ്മദ് ഹസൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രദേശത്തെ പുറന്പോക്ക് കൈവശക്കാരും മറ്റ് സ്വകാര്യ വ്യക്തികളും മാസങ്ങൾക്ക് മുൻപേ കൈവശഭൂമി റോഡ് വികസനത്തിനായി സ്വമേധയാ വിട്ടുനൽകിയിരുന്നു.
2022 മാർച്ചിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി നടപ്പാക്കുവാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കക്കടാശേരി- ഞാറക്കാട് റോഡ് വികസന സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുറന്പോക്ക് ഒഴിപ്പിക്കുവാൻ കെഎസ്ടിപിക്ക് വീണ്ടും ഉത്തരവ് നൽകിയത്.
ഇന്നലെ രാവിലെ പുറന്പോക്ക് ഒഴിപ്പിക്കുവാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുവാനെത്തിയ കെഎസ്ടിപി അധികൃതരുമായി പുറംന്പോക്ക് കൈയ്യേറിയിട്ടുള്ളവർ ഏറ്റെടുക്കൽ തടസപ്പെടുത്തി വാക്കുതർക്കത്തിലെത്തിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ വ്യക്തമായി നിലപാട് സ്വീകരിക്കുകയും ഒഴിപ്പിക്കൽ പൂർത്തിയാക്കുകയുമായിരുന്നു.
കക്കടാശേരി-ഞാറക്കാട് റോഡ് വികസന സമിതിക്കു വേണ്ടി ചെയർമാൻ ഷിബു ഐസക്ക്, കണ്വീനർ എൽദോസ് പുത്തൻപുര എന്നിവർ പീയൂസ് എ. കൊറ്റം വഴി ഹൈക്കോടതിയെ സമീപിച്ചാണ് പുറന്പോക്ക് ഒഴിപ്പിക്കുവാനുള്ള ഉത്തരവ് നേടിയത്.