പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾക്ക് തടവും പിഴയും
1516269
Friday, February 21, 2025 4:39 AM IST
കോതമംഗലം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ചു. കുട്ടന്പുഴ കൂവപ്പാറ സ്വദേശികളായ ചിറ്റേത്തുകുടി നിഷാദ് (29), മോളോക്കുടി ബോണി (30) എന്നിവർക്കാണ് ഒരു വർഷം ഒൻപത് മാസം തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
2017 മാർച്ചിൽ കുട്ടന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കൂവപ്പാറ ഭാഗത്ത് പൊതുസ്ഥലത്ത് പരസ്യമായി പുകവലിച്ച് പൊതുജനശല്യം ഉണ്ടാക്കുന്നതായി കാണപ്പെട്ട പ്രതികളോട് പേരും മേൽവിലാസവും ചോദിച്ചതിന്റെ വൈരാഗ്യത്തിൽ സബ് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്യുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
നിഷാദിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണ് ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസനാണ് ശിക്ഷ വിധിച്ചത്. സബ് ഇൻസ്പെക്ടർ കെ. ബ്രിജുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.