ആലുവയിൽ റോഡ് കൈയേറി വീണ്ടും തെരുവുകച്ചവടം
1516579
Saturday, February 22, 2025 3:39 AM IST
ആലുവ: ആലുവ നഗരസഭയിലെ ഏറ്റവും തിരക്കേറിയ റോഡിൽ കൈയേറി സ്ഥാപിച്ച അനധികൃത കച്ചവടങ്ങൾ ഒരിടവേളയ്ക്ക് ശേഷം പ്രത്യക്ഷപ്പെട്ടു. വധഭീഷണിയും അസഭ്യം പറച്ചിലും ഗൗനിക്കാതെ നഗരസഭാ ജീവനക്കാർ ഒഴിപ്പിച്ച അതേ സ്ഥലങ്ങളിലാണ് കച്ചവടം തുടങ്ങിയിരിക്കുന്നത്.
ഒഴിപ്പിക്കുന്നതിന് തടസം നിന്ന അനധികൃത കച്ചവടക്കാർക്കെതിരേ നഗരസഭാ സെക്രട്ടറി പരാതി നൽകിയതിയതോടെ മൂന്ന് കച്ചവടക്കാരെ അറസ്റ്റും ചെയ്തു.
എന്നാൽ രണ്ടു ദിവസത്തിന് ശേഷം കൂടുതൽ സ്ഥലം കൈയേറി അനധികൃത കച്ചവടം പുനരാരംഭിച്ചിരിക്കുകയാണ്. ശിവരാത്രി തിരക്ക് വന്നതോടെ നഗരസഭാ അധികൃതർ നടപടികളിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.
ഭരണപക്ഷ കൗൺസിലർമാരുടെ ഒത്താശയോടെയാണ് വീണ്ടും കൈയേറ്റം നടക്കുന്നതെന്ന് ആരോപണമുണ്ട്. കൈയേറ്റക്കാർക്കെതിരെ ശക്തമായ നിയമപരമായ നോട്ടീസ് നൽകി കേസെടുക്കാനോ പിഴ ഈടാക്കാനോ നഗരസഭ തയാറാകുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്ന് ബിജെപി അറിയിച്ചു.