കല്ലൂർക്കാട് വില്ലേജ് ഓഫീസിലേക്ക് കർഷക മാർച്ച് നാളെ
1516270
Friday, February 21, 2025 4:39 AM IST
വാഴക്കുളം: കല്ലൂർക്കാട് കാർഷിക സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇൻഫാമിന്റെയും ഫാർമേഴ്സ് ക്ലബിന്റെയും സഹകരണത്തോടെ കല്ലൂർക്കാട് വില്ലേജ് ഓഫീസിലേക്ക് നാളെ കർഷക മാർച്ച് നടത്തും.
രാവിലെ 9.30ന് കാർഷിക മാർക്കറ്റിൽ ഇൻഫാം സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ മാർച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് വില്ലേജ് ഓഫീസിനു മുന്പിൽ നടത്തുന്ന ധർണ കാർഷിക സ്വാശ്രയ സംഘം പ്രസിഡന്റ് പി.ഡി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം യൂണിറ്റ് പ്രസിഡന്റ് ജോണി നെല്ലിക്കുന്നേൽ, ഫാർമേഴ്സ് ക്ലബ് സെക്രട്ടറി ഷാജി വെട്ടുപ്പാറ തുടങ്ങിയവർ പ്രസംഗിക്കും.
വർധിപ്പിച്ച വസ്തു നികുതി പിൻവലിക്കുക, ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കുക, വന്യജീവികളിൽനിന്നും ക്ഷുദ്രജീവികളിൽനിന്നും മനുഷ്യനും സ്വത്തിനും സംരക്ഷണം നൽകുക, ജനവാസ മേഖലകളിൽ എത്തുന്ന വന്യജീവികളെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ലേലം ചെയ്ത് വിൽക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്.