ചികിത്സാ സഹായ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മറിച്ചതായി പരാതി
1495235
Wednesday, January 15, 2025 4:08 AM IST
ആലുവ: ഉളിയന്നൂരിൽ രണ്ട് നിർധന കുട്ടികൾക്കായി ശേഖരിച്ച ചികിത്സാ സഹായ ഫണ്ടിൽ നിന്ന് 13 ലക്ഷത്തോളം രൂപ കോൺഗ്രസ് നേതാവ് മറിച്ചതായി മാതാപിതാക്കളുടെ പരാതി. കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടിനെ ഉപയോഗിച്ച് ഓഡിറ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി ഉളിയന്നൂർ എൽപി സ്കൂളിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉളിയന്നൂരിൽ അർബുദബാധിതരായ 15 ഉം ഏഴും വയസുള്ള രണ്ട് കുട്ടികളുടെ ചികിത്സയ്ക്കായി ഒരു കോടി രൂപ ശേഖരിക്കാനാണ് ചികിത്സാ സഹായ സമിതി രൂപീകരിച്ചത്.
ഡിസിസി ഭാരവാഹിയുടെ സഹോദരന്റെ മക്കളാണ് ചികിത്സാ സഹായം തേടിയത്. പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ എന്നിവർ ഉൾപ്പെടെ ഭാരവാഹികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. സഹകരണ ബാങ്കിൽ ജീവനക്കാരനായ കോൺഗ്രസ് നേതാവാണ് കുട്ടികളുടെ പിതാവിനെ ബാങ്കിലേക്ക് വരുന്ന പണം എടുക്കുന്നതിനും മറ്റും സഹായിച്ചിരുന്നത്.
ഈ സൗകര്യം ഉപയോഗിച്ച് 12.86 ലക്ഷം രൂപ ആരോപണവിധേയൻ മറ്റു ബാങ്കുകളിലെ സ്വന്തം അക്കൗണ്ടിലേക്ക് മറിച്ചതായാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഏഴ് ലക്ഷം രൂപ മടക്കി നൽകി. ബാക്കി നൽകാതായതോടെയാണ് കുട്ടികളുടെ പിതാവ് രേഖാമൂലം പരാതി നൽകിയത്.
ചൊവ്വാഴ്ച രാത്രി ഉളിയന്നൂർ സ്കൂളിൽ അടിയന്തര ചികിത്സാ സഹായ സമിതി യോഗം ചേർന്ന് ഓഡിറ്റിംഗിനു ശേഷം നിയമനടപടികളിലേക്ക് കടന്നാൽ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.