ഇരുന്പനത്തും കുണ്ടന്നൂരിലുമായി മൂന്ന് വാഹനാപകടങ്ങള്‍ ഒരാൾ മരിച്ചു
1495081
Tuesday, January 14, 2025 4:44 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലും കുണ്ടന്നൂര്‍ തേവര പാലത്തിലുമായി ഇന്നലെ ഉണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. പുലര്‍ച്ചെ 3.30നും രാവിലെ 7.45നുമാണ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ അപകടങ്ങളുണ്ടായത്. കുണ്ടന്നൂര്‍-തേവര പാലത്തില്‍ രാവിലെ 8.35നായിരുന്നു അപകടം.
ഇരുമ്പനം ചിത്രപ്പുഴ പാലത്തില്‍ ഇന്നലെ പുലര്‍ച്ചെ 3.30നുണ്ടായ അപകടത്തിൽ ചോറ്റാനിക്കര അമ്പാടിമല മോപ്പാട്ടുതാഴം റോഡില്‍ ഏലാന്ത്ര പുത്തന്‍പുരയില്‍ സാബു (ജോര്‍ജുകുട്ടി)വിന്റെ മകന് നിധില്‍ (23) ആണ് മരിച്ചത്.
കാക്കനാട് സെസിലെ ജീവനക്കാരനായ നിധില്‍ ജോലിക്ക് പോകവെ എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിലിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിധിലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വെണ്ണിക്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍. മാതാവ്: മഞ്ജു. സഹോദരി: നിഘിത.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം എസ്എന്‍ഡിപി സ്കൂളിന് സമീപം ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു രണ്ടാമത്തെ അപകടം. കോളജ് ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാര്‍ യാത്രികനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. വിദ്യാര്‍ഥികള്‍ക്ക് കാര്യമായ പരിക്കില്ല.
മൂന്നാമത്തെ അപകടം കുണ്ടന്നൂര്‍-തേവര പാലത്തില്‍ ഇന്നലെ രാവിലെ 8.45നായിരുന്നു. കാര്‍ ടിപ്പര്‍ ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ യാത്രികനായ പ്രദീപിന് (63) പരിക്കേറ്റു. ഇദ്ദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.