തൃക്കാക്കരയിൽ തെരുവുനായ്ക്കൾ പെരുകുന്നു; എട്ടുപേർക്ക് കടിയേറ്റു
1495068
Tuesday, January 14, 2025 4:18 AM IST
കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ രാവിലെയോടെ എട്ടോളം പേർക്കാണ് കടിയേറ്റത്. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന പ്ലസ്ടു വിദ്യാർഥിക്കും അധ്യാപകനും നായയുടെ കടിയേറ്റു.
തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിനടുത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനും മറ്റൊരു മധ്യവയസ്കയ്ക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തലങ്ങും വിലങ്ങും ഓടി നടന്ന നായ എട്ടോളം പേരെ കടിച്ച ശേഷം പാർക്കു ചെയ്ത കാറിനു സമീപം ചത്തുവീഴുകയായിരുന്നു.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ വിവരങ്ങൾ നഗരസഭാ അധികൃതർ ശേഖരിച്ചിട്ടുണ്ട്. നായചത്തത് പേവിഷബാധ മൂലമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തൃക്കാക്കരയിലും പരിസരങ്ങളിലും തെരുവുനായ്ക്കൂട്ടം പെരുകിയിട്ടും നഗരസഭാ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു.