വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് സക്സസ്; നഗരസഭയ്ക്ക് ലക്ഷങ്ങൾ ലാഭം
1495234
Wednesday, January 15, 2025 4:08 AM IST
കൊച്ചി: നഗരത്തിലെ കനാലുകളും ജലാശയങ്ങളും വൃത്തിയാക്കുന്നതിനായി സിഎസ്എംഎലിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയ്ക്കായി വാങ്ങിയ വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് വിജയകരം. കഴിഞ്ഞ രണ്ടു മാസത്തിനിടെ കനാലുകള്‍ വൃത്തിയാക്കിയ വകയില്‍ നഗരസഭയ്ക്ക് ലാഭിക്കാനായത് 7.87 ലക്ഷം രൂപയാണ്.
നഗരത്തിലെ പ്രധാന കനാലുകളിലൊന്നായ പേരണ്ടൂര്‍ കനാലിന്റെ ചിറ്റൂര്‍ പുഴ മുതല്‍ കലൂര്‍ ഗോകുലം പാര്ക്കിന് സമീപം വരെയുള്ള ഭാഗം വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് ഉപയോഗിച്ചാണ് വൃത്തിയാക്കിയത്. ഫോര്‍ട്ടുകൊച്ചിയിലെ പണ്ടാരച്ചിറയും പള്ളുരുത്തി മേഖലകളിലെ ജലാശയങ്ങളും പോളയും പാലയലുകളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതുവരെ 1.23 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശം വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് ഉപയോഗിച്ച് വൃത്തിയാക്കിയതായി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
ഇത്രയും ഭാഗം കനാല്‍ നവീകരണത്തിന് 33.91 ലക്ഷം രൂപയാണ് നഗരസഭ എസ്റ്റിമേറ്റിട്ടത്. എന്നാല്‍ മെഷീന് ഉപയോഗിച്ചതോടെ നിശ്ചയിച്ചതിലും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനായി. മാത്രമല്ല 26.03 ലക്ഷം രൂപ മാത്രമേ ചെലവായുള്ളു. മെഷീന്റെ ഫിക്സഡ് റേറ്റും മെയിന്റനന്‍സ് റേറ്റും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ ഇനത്തില്‍ ടെണ്ടര്‍ ചെയ്ത് വര്‍ക്ക് ചെയ്യുന്നതിനെ അപേക്ഷിച്ച് 7.87 ലക്ഷം രൂപ ലാഭിക്കാനായെന്നും മേയര്‍ പറഞ്ഞു.
മലിനമായ ജലാശയങ്ങളിലെ, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന രീതി ഒഴിവാക്കുന്നതിനും വീഡ് ഹാര്‍വസ്റ്റര്‍ മെഷീന് ഉപയോഗിക്കുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റ് കായലുകളും തോടുകളും വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് പ്രവര്‍ത്തിപ്പിച്ച് പൂര്‍ണമായും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മേയര്‍ പറഞ്ഞു.