വിദ്യാഭ്യാസ രംഗത്ത് രാജഗിരിയുടെ ഇടപെടൽ മാതൃകാപരം: മുഖ്യമന്ത്രി
1495254
Wednesday, January 15, 2025 4:26 AM IST
കൊച്ചി: വിദ്യാഭ്യാസരംഗത്ത് രാജഗിരി സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ ഈ രംഗത്തെ മാതൃകാപരമായ ഇടപെടലുകളെ വ്യക്തമാക്കുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ സാമൂഹിക നവോഥാനത്തില്‍ ചാവറയച്ചന് നല്കിയ സംഭാവന പ്രധാനമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് കാലോചിതമായ മാറ്റത്തിന് സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതിനായുള്ള സംരംഭങ്ങളുടെ അന്ത:സത്ത ഉള്‍കൊണ്ടുകൊണ്ട് അവസരങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന സ്ഥാപനങ്ങളുടെ മുന്‍നിരയില്‍ രാജഗിരി എന്നുമുണ്ട്. സുസ്ഥിര വികസനവും മാറ്റവും ത്വരിതപ്പെടുത്തുന്നതിന് സാമൂഹിക ശാസ്ത്രവിഷയങ്ങള്‍ക്ക് സുപ്രധാന പങ്കു വഹിക്കാനുണ്ട്.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. എങ്കിലും ഒട്ടനവധി മേഖലകളില്‍ നാം മുന്നേറേണ്ടതുണ്ട്. കേരളത്തില്‍ നിലവില്‍ നല്ലൊരു സംരംഭക അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഇത് നമ്മുടെ യുവജനങ്ങള്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.