അജ്ഞാതരുടെ ആക്രമണം : വിദ്യാർഥിയുടെ തലയ്ക്ക് ഗുരുതര പരിക്ക്
1494828
Monday, January 13, 2025 4:53 AM IST
പള്ളുരുത്തി: വീടിനുള്ളിൽ കയറിയ അജ്ഞാതരുടെ അടിയേറ്റ് സൈക്കോളജി വിദ്യാർഥിയായ യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക്. വയനാട് മാനന്തവാടി സ്വദേശി പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദ് കൃഷ്ണ(24) നാണ് ചുറ്റിക കൊണ്ടുള്ള അടിയിൽ തലക്ക് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
അജ്ഞാതരായ രണ്ടുപേർ വാതിലിൽ മുട്ടി വിളിക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ ചുറ്റിക പോലുള്ള വസ്തു കൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി പള്ളുരുത്തി എസ്ബിഐ ശാഖയ്ക്ക് സമീപമുള്ള കെട്ടിടത്തിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്നത്.
അടിയേറ്റതിനെ തുടർന്ന് ഇയാൾ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
തലയ്ക്ക് നാല് തുന്നലുകളുണ്ട്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.