സെവൻസ് ഫുട്ബോൾ: കൂത്താട്ടുകുളം ഏരിയയ്ക്ക് കിരീടം
1494825
Monday, January 13, 2025 4:43 AM IST
പെരുമ്പാവൂർ: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർഥം പെരുമ്പാവൂർ മാവിൻചുവട് സ്നാഫി ടർഫിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ടീം ഒന്നിനെതിരെ നാല് ഗോളുകൾക്ക് കൊച്ചി ഏരിയാ കമ്മിറ്റി ടീമിനെ പരാജയപ്പെടുത്തി.
ഫൈനൽ മത്സരത്തിന് ശേഷം സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ സിപിഎം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരിം അധ്യക്ഷത വഹിച്ചു.
ടൂർണമെന്റ് കോ-ഓർഡിനേറ്റർ വി.എം. ജുനൈദ് സ്വാഗതം ആശംസിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ടീമിന് പതിനായിരം രൂപ കാഷ് പ്രൈസും എം.സി. ജോസഫൈൻ സ്മാരക ട്രോഫിയും, രണ്ടാം സ്ഥാനക്കാരായ കൊച്ചി ടീമിന് അയ്യായിരം രൂപ കാഷ് പ്രൈസും പി.ആർ. ശിവൻ സ്മാരക ട്രോഫിയും ലഭിച്ചു.
വിന്നേഴ്സിനും റണ്ണർഅപ്പിനുമുള്ള ട്രോഫിയും കാഷ് പ്രൈസും ഡോ. വിജു കൃഷ്ണൻ സമ്മാനിച്ചു. ബെസ്റ്റ് പ്ലെയർ, ഗോൾക്കീപ്പർ, ഡിഫൻഡർ, ടോപ്പ് സ്കോറർ തുടങ്ങിയ വ്യക്തിഗത സമ്മാനങ്ങളും വനിതാ ടീമുകൾക്കുള്ള സ്നേഹോപഹാരവും സമ്മാനിച്ചു.