രോഗ പ്രതിരോധവും ചികിത്സയും ഉറപ്പാക്കാൻ കഴിയുന്നത് ആരോഗ്യമേഖലയുടെ മികവ്: മന്ത്രി വീണ ജോർജ്
1495061
Tuesday, January 14, 2025 4:18 AM IST
കൂത്താട്ടുകുളം : മഹാരോഗങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധവും ചികിത്സയും ഉറപ്പാക്കാൻ കഴിയുന്നതാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ ഏറ്റവും വലിയ മികവാണെന്ന് മന്ത്രി വീണ ജോർജ്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതുജനാരോഗ്യം കേരള മോഡൽ എന്ന വിഷയത്തിൽ കൂത്താട്ടുകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോവിഡ് ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് കണ്ടെത്തിയത്. ഇതിനെ മാതൃകാപരമായി പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. നിപ്പ മരണനിരക്ക് ആഗോളതലത്തിൽ 70 മുതൽ 90 ശതമാനം വരെയാകുന്പോൾ കേരളത്തിൽ 33 ശതമാനമായി പിടിച്ചു നിർത്താൻ കഴിഞ്ഞു.
ഇവിടെ പക്ഷികൾക്കും മൃഗങ്ങൾക്കും അസുഖങ്ങൾ ഉണ്ടാകുന്പോൾ നമ്മൾ രോഗകാരണവും പ്രതിരോധവും തേടും. ആദ്യം കണ്ടെത്തി ഉടൻ മികച്ച ചികിത്സയും പ്രതിരോധവും ഉറപ്പാക്കും.
കേരളത്തിലാണ് എല്ലാ രോഗവും ആദ്യമെത്തുന്നതെന്ന ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വൈറസുകളെ കണ്ടെത്താൻ താമസിക്കുന്നതും നമ്മൾ വളരെ നേരത്തെ കണ്ടെത്തുന്നതും കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ മികവാണെന്ന തിരിച്ചറിവ് ഉണ്ടാകണം.
ലോകാരോഗ്യ സംഘടന ഇന്ത്യയിലെ ശിശു മരണനിരക്ക് 2030ൽ ലക്ഷ്യമിടുന്നതിലും താഴെ 2024ൽ എത്തിക്കാൻ നമുക്കായി.
മാതൃമരണനിരക്ക്, ആയുസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ലോക രാജ്യങ്ങളേക്കാൾ ഉയർന്ന നിലവാരത്തിൽ എത്താനായതായും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വിദഗ്ധൻ ഡോ. ജോ ജോസഫ് അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ല കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാർ, ഏരിയ സെക്രട്ടറി പി.ബി. രതീഷ്, മുൻ എംഎൽഎ എം.ജെ. ജേക്കബ്, സി.എൻ. പ്രഭകുമാർ, ഒ.എൻ. വിജയൻ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, നഗരസഭാധ്യക്ഷ വിജയ ശിവൻ എന്നിവർ പ്രസംഗിച്ചു.