ഡീസല്‍ ലോക്കോ ഷെഡ് അടച്ചുപൂട്ടാന്‍ നീക്കം
1495083
Tuesday, January 14, 2025 4:44 AM IST
കൊച്ചി: എറണാകുളത്തെ ഡീസല്‍ ലോക്കോ ഷെഡ് അടച്ചുപൂട്ടാനുള്ള നീക്കവുമായി റെയില്‍വേ. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനം സാധ്യമാകണമെങ്കില്‍ ഡീസല്‍ ലോക്കോ ഷെഡ് നീക്കം ചെയ്യണമെന്നാണ് ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് റെയില്‍വേ ജനറല്‍ മാനേജര്‍ നല്കിയ മറുപടിയിലുള്ളത്.
മുന്നൂറോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ഡീസല്‍ ലോക്കോ ഷെഡ്. ഇലക്ട്രിഫിക്കേഷന് പൂര്‍ത്തീകരിച്ചാലും 100 ഡീസല്‍ ലോക്കോ വരെ നിലനിര്‍ത്താനാണ് റെയില്‍വേയുടെ നയപരമായ തീരുമാനം. അങ്ങനെ വരുമ്പോള്‍ ഡീസല്‍ ഷെഡ് നിലനിര്‍ത്തേണ്ടത് ആവശ്യവുമാണ്.
എന്നാല്‍ എറണാകുളം ലോക്കോ ഷെഡില്‍ നിന്ന് ഏഴ് ഡീസല്‍ ലോക്കോകള്‍ പിന്‍വലിക്കുകയും സ്പെയര്‍ മെറ്റീരിയല്‍സ് വാങ്ങാനുള്ള ഉത്തരവ് പുന:പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. ലോക്കോ ഷെഡിന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി നാലു കോടിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനിരിക്കെയാണ് ദക്ഷിണ റെയില്‍വേയുടെ പുതിയ നീക്കം.
ഇതിനെതിരെ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്കി. ഡീസല്‍ ഷെഡ് നില നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ ആരംഭിക്കാനും യൂണിയന് തീരുമാനിച്ചു.