ഹണിട്രാപ്പ്: അഞ്ചുപേർ അറസ്റ്റിൽ
1494826
Monday, January 13, 2025 4:43 AM IST
തൃപ്പൂണിത്തുറ: ഹണിട്രാപ്പ് കേസിൽ ഗുണ്ടാനേതാവ് മരട് അനീഷിന്റെ അനിയൻ ഉൾപ്പെടെ 5 പേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. മരട് അനീഷിന്റെ അനിയൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), ആഷിക്കിന്റെ അടുപ്പക്കാരി സുറുമി (29), സുഹൃത്ത് പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവ തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ലൈംഗിക തൊഴിലാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ ഫോൺനമ്പർ വൈക്കം സ്വദേശിയായ യുവാവിനു ആഷിക്ക് ആന്റണിയും, സുറുമിയും ചേർന്നു നൽകി. യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ, കഴിഞ്ഞ നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.
യുവാവ് മുറിയിൽ കടന്ന് സുറുമി വാതിൽ അടച്ചതിനു പിന്നാലെ പുറത്തു കാത്തു നിന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്തു കയറി ഇവരുടെ വീഡിയോ ചിത്രീകരിച്ചു. ദൃശ്യങ്ങൾ പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഇവരും നേഹയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവർ തട്ടിയെടുത്ത ബൈക്ക് പണയം വച്ച പണത്തിൽ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേയ്ക്കാണെത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്നു പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടിൽ നിന്നും ഒരാളെ പനമ്പിള്ളി നഗറിൽ നിന്നും ഒരാളെ മൂന്നാറിലെ റിസോർട്ടിൽ നിന്നുമാണ് പിടികൂടിയത്.
ഹിൽപാലസ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്ഐമാരായ കെ.അനില, യു.വി. വിഷ്ണു, എം.ആർ. സന്തോഷ്, എഎസ്ഐമാരായ ഉമേഷ് കെ. ചെല്ലപ്പൻ, എസ്സിപിഒമാരായ അഭിലാക്ഷി, സി.എൽ. ബിന്ദു, എ.എം. ഷാന്റി, സ്ക്വാഡ് അംഗങ്ങളായ ബൈജു, പോൾ മൈക്കിൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.