എളവൂർ പഞ്ചായത്തിലെ ചന്തക്കടവിൽ പാലം നിർമിക്കണമെന്ന്
1495237
Wednesday, January 15, 2025 4:08 AM IST
നെടുമ്പാശേരി: ചാലക്കുടി പുഴയ്ക്ക് കുറകെ എളവൂർ പഞ്ചായത്തിലെ ചന്തക്കടവിൽ പാലം നിർമിക്കണമെന്ന് എളവൂർ മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കരിപ്പാശേരി , കോടുശേരി , കുന്നപ്പിള്ളിശേരി, പുളിയനം, എളവൂർ, മള്ളുശേരി എന്നീ കരകളിലെ നൂറ് കണക്കിന് പ്രവാസികളുടെ വർഷങ്ങളായ ആവശ്യമാണിത്. ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് മാള , അന്നമനട എന്നിവിടങ്ങളിലേയ്ക്ക് പോകുവാൻ ഇപ്പോൾ എട്ട് കിലോമീറ്ററിലധികം ചുറ്റി വളഞ്ഞ് യാത്ര ചെയ്യണം .
അങ്കമാലി , ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ എളവൂർ ചന്തക്കടവിലാണ് സർവീസുകൾ അവസാനിപ്പിക്കുന്നത്. പാലം ഉണ്ടങ്കിൽ ഈ വണ്ടികൾ അന്നമനട, മാള എന്നിവിടങ്ങളിലേയ്ക്ക് പോകും. പതിനൊന്ന് കോടി രൂപ മുടക്കി അത്താണി മുതൽ ചന്തക്കടവ് വരെയുള്ള റോഡ് വീതി കൂട്ടി പണികഴിപ്പിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ ചന്തക്കടവിൽ നിന്നും പറവൂർ ഭാഗങ്ങളിലേയ്ക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നു. കാലാന്തരത്തിൽ അത് നിലച്ചുപോയി. കൃഷിക്കാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിളകൾ വിപണികളിൽ എത്തിക്കാൻ ഈ ഉൾനാടൻ ജലഗതാഗതം ഏറേ സഹായകരമായിരുന്നു .
പാറക്കടവ് , കുന്നുകര , ചെങ്ങമനാട് പഞ്ചായത്തുകൾ കാർഷിക മേഖലകളാണ്. ലം നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. രാജീവ്, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർക്ക് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് സാന്പ്രിക്കൽ ,ക്ലീറ്റസ് ചക്കേത്ത് എന്നിവർ നിവേദനം നൽകി.