അഞ്ചു കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കുടുങ്ങി
1494834
Monday, January 13, 2025 4:53 AM IST
പെരുമ്പാവൂർ: ബസിൽ കടത്തുകയായിരുന്ന അഞ്ചു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സബീർ അഹമ്മദി(24)നെയാണ് പെരുമ്പാവൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് വല്ലം ഭാഗത്തു നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം രണ്ടര കിലോഗ്രാം കഞ്ചാവ് കണ്ടന്തറയിലെ ഒരു വീട്ടിൽ നിന്നും പിടികൂടിയിരുന്നു. അതിന്റെ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്.
മേഖലയിലെ കഞ്ചാവിന്റെ മുഖ്യ വിതരണക്കാരനാണ് സബീർ മുഹമ്മദ്. ഒറീസയിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി 25000 മുതൽ 30000 രൂപയ്ക്ക് വരെയാണ് വില്പന. അന്വേഷണത്തിൽ ഇയാൾ എല്ലാ മാസവും ബംഗാളിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തിരികെ വരും വഴി ഒറീസയിൽ നിന്ന് കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കും. പിടികൂടിയ ദിവസം ഇയാൾ അഞ്ചുകിലോഗ്രാം കഞ്ചാവ് തൃശൂരിൽ ഒരാൾക്ക് വിറ്റിരുന്നു. തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്.
ആലുവയിൽ പോലീസ് നിരീക്ഷണമുള്ളതിനാൽ തൃശൂർ ഭാഗത്ത് ഇറങ്ങി ബസുകൾ മാറിക്കയറിയാണ് പെരുമ്പാവൂർ മേഖലയിൽ എത്തിക്കുക. ഇവിടെ ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി വില്പന നടത്തുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഡാൻസാഫ് ടീമിനെക്കൂടാതെ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എസ്. ഗൗതം, പി.എസ്. അരുൺ സിപിഒമാരായ രജിത്ത് വിജയൻ, വി.എം. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.