കമ്പനി മാനേജരെ കബളിപ്പിച്ച് 96 ലക്ഷം തട്ടിയ ഡൽഹി സ്വദേശികൾ പിടിയിൽ
1495084
Tuesday, January 14, 2025 4:44 AM IST
കാക്കനാട്: കാക്കനാട് ചിറ്റേത്തുകരയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ഫോൺ നമ്പർ തകരാറിലാണെന്ന വാട്സ്ആപ് സന്ദേശം നൽകി കമ്പനി മാനേജരെ കബളിപ്പിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡൽഹി സ്വദേശികളായ രണ്ടു പേരെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു.
ഡൽഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീൻ (34), ഡൽഹി ഈസ്റ്റ് ജോഹരിപൂർ സ്വദേശി മുറാറിലാൽ (52) എന്നിവരാണ് പിടിയിലായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:
കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എന്ന വ്യാജേന കഴിഞ്ഞ ഏഴിന് പ്രതികൾ കമ്പനി മാനേജർക്ക് വാട്സ് ആപ് സന്ദേശം അയയ്ക്കുകയും പുതിയ നമ്പർ എന്നു പരിചയപ്പെടുത്തി ഒരു നന്പർ നല്കുകയും ചെയ്തു. ഈ നമ്പർ മാനേജിംഗ് ഡയറക്ടറുടേതെന്ന് കരുതി മാനേജർ സേവ് ചെയ്തു.
പിറ്റേ ദിവസം ഇതേ നമ്പറിൽ നിന്ന് സന്ദേശമയച്ച പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് മാനേജർ 96 ലക്ഷം രൂപ ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
24 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. തൃക്കാക്കര ഇൻസ്പെക്ടർ എ.കെ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനാജ്, നിധിൻ.കെ.ജോൺ എന്നിവരാണ് പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടിയത്.
കോഴിക്കോട് കള്ളപ്പണം വെളുപ്പിക്കുന്ന പ്രതികളിൽ ഒരാളും ഈ തട്ടിപ്പിൽ പിടിയിലായതായി സൂചനയുണ്ട്.