സംരക്ഷിക്കാൻ ആരുമില്ല : മകന് പിന്നാലെ അമ്മയും മരിച്ചു
1494829
Monday, January 13, 2025 4:53 AM IST
പറവൂർ : സംരക്ഷിക്കാൻ ആരുമില്ലാതെ വാടക വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പീസ് വാലിയിലേക്ക് മാറ്റിയ ഇന്ദിരാദേവി (76) മരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു മരണം.
ഇന്ദിര ദേവിയേയും മകൻ സന്ദീപിനെ (40)യുമാണ് വൃത്തിഹീനമായ സാഹചര്യത്തിൽ പെരുവാരം ഞാറക്കാട്ട് റോഡിലെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടത്. ഇരുവരും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. കൗൺസിലർമാരായ ആശ മുരളി, പി.ഡി. സുകുമാരി, സജി നമ്പിയത്ത് എന്നിവർ ലീഗൽ സർവീസ് അഥോറിറ്റി പ്രവർത്തക ആശ ഷാബുവിനെ വിവരമറിയിച്ചു.
അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രജിതയുടെ നിർദേശ പ്രകാരം പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു.
തീരെ അവശനായിരുന്ന സന്ദീപ് ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചു. ചികിത്സയിലായിരുന്ന ഇന്ദിരാദേവിയെ സുഖം പ്രാപിച്ചതിനെ തുടർന്നാണ് ഡിഎൽഎസ്എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് കോതമംഗലം പീസ് വാലിക്കു കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബന്ധുക്കളാരും എത്താതിരുന്നതിനെ തുടർന്ന് കോതമംഗലത്ത് സംസ്കാരം നടത്തി.സന്ദീപിന്റെ മൃതദേഹം ഏറ്റെടുക്കാനും ബന്ധുക്കൾ തയാറായില്ല.