പച്ചക്കറി വ്യാപാരിയുടെ കാഷ്യറെ കുത്തിവീഴ്ത്തി കവർച്ച : പ്രായപൂർത്തിയാകാത്ത നാലു പേർ ഉൾപ്പെടെ
1495250
Wednesday, January 15, 2025 4:19 AM IST
പത്ത് പേർ അറസ്റ്റിൽ
കാലടി: സ്കൂട്ടറിൽ പോയ പച്ചക്കറിക്കട കാഷ്യറെ കുത്തിവീഴ്ത്തി 22 ലക്ഷം രൂപ കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത നാലുപേർ ഉൾപ്പെടെ 10 പേരെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു-31), പെരിഞ്ഞനം മൂന്നുപീടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26), മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം,
പണിക്കശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പെരിഞ്ഞനം സ്വദേശി നവീൻ (18), കണിവളവ് സ്വദേശി അഭിഷേക് (18), മൂന്നുപീടിക സ്വദേശികളായ സൽമാൻ ഫാരിസ് (18), ഫിറോസ് (18) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവർ മുന്പും വിവിധ കേസുകളിൽ പ്രതികളാണ്.
കഴിഞ്ഞ ഡിസംബർ 27ന് വൈകിട്ടായിരുന്നു സംഭവം. വികെഡി പച്ചക്കറി കടയുടെ കാഷ്യറായ ഡേവിസിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. പ്രധാന ഓഫീസിൽ നിന്നു കളക്ഷൻ തുകയുമായി ബിഎസ്എൻഎൽ റോഡിലൂടെ ഉടമ വി.പി. തങ്കച്ചന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഡേവിസ്. ബൈക്കിലെത്തിയ വിഷ്ണു പ്രസാദ്, അനീസ് എന്നിവർ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിട്ടു.
താഴെ വീണ ഡേവിസിന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് വയറിന്റെ വലതു ഭാഗത്ത് അക്രമികൾ കത്തികൊണ്ട് കുത്തി സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സിൽ വച്ചിരുന്ന പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതികൾ സഞ്ചരിച്ച യമഹ ആർ-15 ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വികെഡി കമ്പനിയിൽ ജോലി ചെയ്തവരെയും മുമ്പ് ജോലിയിൽനിന്ന് വിട്ടുപോയവരുടെയും ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം നടത്തി. നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മുഖത്തടിച്ച കുരുമുളക് സ്പ്രേയുടെ ഉറവിടവും കണ്ടെത്തി. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളിലേക്കെത്തിയത്.
ആസൂത്രണം ജയിലിൽ വച്ച്
ജയിലിൽ വച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. ഈ കേസിലെ മൂന്നാം പ്രതി അനിൽകുമാർ വികെഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഇയാളെ ഫെബ്രുവരിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട സബ് ജയിലിൽ പാർപ്പിച്ചിരുന്നു. ഈ സമയം ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി അനീസ്, നാലാം പ്രതി സഞ്ജു തുടങ്ങിയവർ വിവിധ കേസുകളിൽ പെട്ട് ജയിലിൽ ഉണ്ടായിരുന്നു.
ഇവിടെ വച്ചാണ് ഈ കേസിന്റെ ഗൂഢാലോചന നടന്നത്. വികെഡി കമ്പനിയിലെ കാഷ്യർ പണവുമായി പോകുന്ന വിവരം മറ്റ് പ്രതികളുമായി അനിൽകുമാർ പങ്കുവയ്ക്കുകയും ജയിൽ നിന്ന് ഇറങ്ങിയശേഷം കവർച്ച നടത്താമെന്ന് പദ്ധതിയിടുകയുമായിരുന്നു.
50 ലക്ഷം രൂപ ഉണ്ടാകുമെന്നാണ് അനിൽകുമാർ മറ്റു പ്രതികളോട് പറഞ്ഞത്. തുടർന്ന് ജയിൽ നിന്നിറങ്ങിയ അനിൽകുമാർ വീണ്ടും കമ്പനിയിൽ ജോലി കയറുകയും എന്തോ കാരണമുണ്ടാക്കി ജോലിയിൽനിന്ന് പിരിഞ്ഞുപോകുമായിരുന്നു.
തുടർന്ന് മൂന്നു മാസം മുമ്പ് മുതൽ നാലു പ്രതികളും പല സ്ഥലങ്ങളിലും കണ്ടുമുട്ടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കാഷ്യര് ഡേവിസ് പോകുന്ന വഴികളിലൂടെ സഞ്ചരിച്ചും ഇയാളുടെ വണ്ടി നമ്പറും വണ്ടിയും ആളെയും സ്കെച്ച് ചെയ്തും പോലീസ് പിടികൂടാതെ രക്ഷപ്പെട്ടു പോകാൻ എളുപ്പമുള്ള വഴികൾ കാറിലും ബൈക്കിലുമായി വന്ന് കണ്ടെത്തുകയും ചെയ്തു.
കവർച്ചപ്പണം പങ്കുവച്ച ശേഷം വിഷ്ണുവും അനിസും രണ്ട് വഴികളിലായി രക്ഷപ്പെട്ടു. വിഷ്ണു ഇവിടെ നിന്ന് രക്ഷപ്പെട്ടതിനു ശേഷം മൈസൂർ, ഗോവ, ഡൽഹി, ഹരിദ്വാർ, വാരണാസി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം പഴനിയിൽ വന്ന ഒളിവിൽ താമസിക്കുകയായിരുന്നു. പഴനിയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
രണ്ടാംപ്രതി അനിസിനെ വയനാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ സാഹസികമായാണ് അന്വേഷണസംഘം കീഴടക്കിയത്. അനീസിനെ ഒളിവിൽ പോകാൻ സഹായിച്ച ഇയാളുടെ സുഹൃത്തുക്കളായ സൽമാൻ, അഭിഷേക്, നവീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നു വാടകയ്ക്ക് എടുത്തതായിരുന്നു.
ഇത് വാങ്ങി അനീസിന് നല്കിയ ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. അനീസിന് ലഭിച്ച പണം പിതാവയ അൻസാരിയെ ഏൽപ്പിക്കുകയും അൻസാരി അനീസിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇയാളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ പണം കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷെമു എന്ന സ്ത്രീക്ക് കൈമാറിയിരുന്നു. ഈ പണം ഇവർ പോലീസിന് കൈമാറാൻ വിസമ്മതിച്ചതിന് ഇവരെയും അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, കൊടുങ്ങല്ലുർ ഡിവൈഎസ്പി വി.കെ. രാജു, ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.