പ്ലസ്ടു വിദ്യാർഥിയെ ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി
1495203
Tuesday, January 14, 2025 10:26 PM IST
കാക്കനാട്: ഭാരത് മാതാ കോളജിനു സമീപമുളള സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ പ്ലസ്ടു വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ ആയവന വടക്കുംപാടത്തു വീട്ടിൽ ക്രിസ് ജോർജിന്റെ മകൻ ജോഷ്വാ ജോർജ് ക്രിസ് (17) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴരയോടെ സുരക്ഷാജീവനക്കാരനാണ് മൃതദേഹം കണ്ടതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. നാലാം നിലയിൽ താമസിക്കുന്ന ജോഷ്വാ രാത്രി 11 വരെ തന്റെ അപ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
അർധരാത്രിയോടെ ഫ്ളാറ്റിന്റെ 19-ാംനിലയിൽനിന്നും പുറത്തേക്കുള്ള വാതിൽ തുറന്ന് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കട്ടിയുളള പ്ലാസ്റ്റിക് വല മുറിച്ചാണ് വിദ്യാർഥി ഒന്നാം നിലയിലുള്ള പൂളിലേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ധരിച്ചിരുന്ന കറുത്തനിറത്തിലുള്ള ഓവർ കോട്ടും ചെരിപ്പും പ്ലാസ്റ്റിക്മെഷ് മുറിക്കാൻ ഉപയോഗിച്ചിരുന്ന പ്ലെയറും കണ്ടെടുത്തിട്ടുണ്ട്.
ജോഷ്വാ തന്റെ സഹോദരനായ മത്തായി എന്ന് വിളിക്കുന്ന മാത്യുവിന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഓണ്‍ലൈൻ ലിങ്ക് വഴി സൂചന നൽകിയിരുന്നതായും പോലീസ് പറയുന്നു. ഐടി ജീവനക്കാരായ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് ജ്വോഷ്വാ താമസിച്ചിരുന്നത്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തൃക്കാക്കര നൈപുണ്യ സ്കൂൾ വിദ്യാർഥിയായിരുന്നു.