മൂവാറ്റുപുഴയിൽ റോഡ് വികസന തടസങ്ങൾ പരിഹരിക്കാൻ സംയുക്ത പരിശോധന
1495062
Tuesday, January 14, 2025 4:18 AM IST
മൂവാറ്റുപുഴ : നഗര റോഡ് വികസനത്തിലെ തടസങ്ങൾ പരിഹരിക്കാൻ കെആർഎഫ്ബി, റവന്യു വകുപ്പ്, ജല അതോറിറ്റി വകുപ്പ്, കോണ്ട്രാക്ടർ എന്നിവർ സംയുക്തമായി ഇന്നു രാവിലെ 10ന് തർക്ക പ്രദേശങ്ങളിൽ പരിശോധന നടത്തും.
വകുപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ഏകോപനം ഇല്ലായ്മയും റോഡ് നിർമാണത്തിന് തടസമാകുന്ന തർക്കങ്ങൾ പരിഹരിക്കാനും സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം. നഗരറോഡ് വികസനം വീണ്ടും സ്തംഭിച്ച സാഹചര്യത്തിലാണ് സിപിഎം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥല പരിശോധന നടത്താൻ തീരുമാനിച്ചത്.
ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നതിൽ ജല അഥോറിറ്റി കാലതാമസം സൃഷ്ടിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ വി.കെ. ജയശ്രീയുമായി സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യുവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. റോഡ് വികസനത്തിന്റെ ഭാഗമായി കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിക്കാത്തതാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം സൃഷ്ടിക്കുന്നതെന്നായിരുന്നു എൻജിനീയറുടെ വിശദീകരണം.
ഇക്കാര്യം പരിഹരിക്കാൻ സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറും ആർഡിഒയുമായി ചർച്ച ചെയ്തതോടെയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായ സ്ഥല പരിശോധന നടത്താൻ തീരുമാനിച്ചത്. റോഡ് വികസനത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സിപിഎം ഏരിയ കമ്മിറ്റി ഇടപെടുമെന്നും പരിഹാരമുണ്ടാക്കുംമെന്നും അനീഷ് എം. മാത്യു പറഞ്ഞു.
ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുമായി നടന്ന ചർച്ചയിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ. സോമൻ, സജി ജോർജ്, കെ.ജി. അനിൽകുമാർ, എം.ആർ. പ്രഭാകരൻ, ടൗണ് ലോക്കൽ സെക്രട്ടറി ബി. അജിത് കുമാർ, എസ്എഫ്ഐ ജില്ലാ സെകട്ടറിയേറ്റ് അംഗം അഖിൽ പ്രാകാശ്, ലോക്കൽ കമ്മിറ്റി അംഗം പി.എം ഇബ്രഹിം എന്നിവർ പങ്കെടുത്തു.