വീശുവലക്കാരുടെ കാത്തിരിപ്പ് തുടങ്ങി : തീരക്കടലിൽ തിരുതക്കാലം
1494827
Monday, January 13, 2025 4:43 AM IST
വൈപ്പിൻ: തീരക്കടലിൽ തിരുതക്കാലം. അതിരാവിലെ കാറ്റും തിരയുമൊതുങ്ങിയ കടലിൽ തിരകൾക്ക് സമാന്തരമായി പായുന്ന തിരുത മീനുകളെ വല വീശി പിടിക്കാൻ ജാഗ്രതയോടും ക്ഷമയോടും കാത്തുനിൽക്കുന്ന വീശുവലക്കാർ ഇപ്പോൾ തീരത്തെ പതിവു ദൃശ്യമാണ്. തിരുതയ്ക്ക് കിലോയ്ക്ക് വലിപ്പമനുസരിച്ച് 300 മുതൽ 700 രൂപ വരെ വിലയുണ്ട്.
തിരകൾക്കു മേലെ തിരുതയുടെ സാന്നിധ്യം കണ്ടാലോ, പിന്നെ വല കൈപ്പുറത്തിട്ട് ഇവയ്ക്ക് പിന്നാലെ ഒരു ഓട്ടമാണ്. ഇതിനിടയിൽ തിരുതയ്ക്ക് മുന്നിലായി വല നീട്ടിയങ്ങ് എറിയും. പിന്നെ വലിച്ചു കരയിലെത്തിക്കുന്നത് വരെ ആകാംക്ഷയുടെ നിമിഷങ്ങളാണ്.
മത്സ്യം മൂടിയിട്ടുണ്ടെങ്കിൽ വലിക്കുന്നതിനിടയിൽ വലയ്ക്ക് മുകളിലോട്ട് ഇവ പിടച്ചു വരും. ഇതു കാണുമ്പോൾ ഇവരുടെ മുഖത്ത് പുഞ്ചിരി വിടരും. ജനുവരി മാസത്തിലാണ് തിരുത മീനുകളുടെ സാന്നിധ്യം തീരത്ത് കണ്ടുവരുന്നത്. ഈ സമയം തീരത്ത് നിറയെ വീശുവലക്കാരായിരിക്കും. 10 ഉം 15 ഉം തിരുത വരെ ലഭിക്കുന്ന ദിവസങ്ങൾ ഉണ്ടെന്ന് വലക്കാർ പറയുന്നു.