50 ഏക്കറിൽ കൃഷിയിറക്കി കീഴ്മാടിലെ യുവ കൂട്ടായ്മ
1494833
Monday, January 13, 2025 4:53 AM IST
ആലുവ: തുടർച്ചയായി മൂന്നാംവർഷവും പാടത്ത് വിത്തെറിഞ്ഞ് കുട്ടമശേരിയിലെ യുവ കർഷകർ. കീഴ്മാട് പഞ്ചായത്തിൽപ്പെട്ട കുട്ടമശേരിയിലെ തുമ്പിച്ചാൽ, വട്ടച്ചാൽ, കുണ്ടോപാടം, മുള്ളം കുഴി തുടങ്ങിയ 50 ഏക്കറിലായി പാടങ്ങളിൽ യുവ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരങ്ങളിൽ യുവാക്കളുടെ സംഘമായ കുട്ടമശേരി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷം 13 ഏക്കറിൽ കൃഷി ആരംഭിച്ചിരിക്കുന്നത്. തുമ്പിച്ചാൽ-വട്ടച്ചാൽ പാടശേഖരങ്ങളിലും കുണ്ടോപാടത്തുമായി 20 ഏക്കറിൽ കുട്ടമശേരി അമ്പലപ്പറമ്പ് സ്വദേശികളായ ശ്രീജേഷ്, കുശൻ, ഹരിദാസ് എന്നീ യുവ കർഷകരുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു.
കുണ്ടോപാടത്തും ചാലക്കലിലും ആയി 10 ഏക്കറിലായി യുവകർഷകനായ സിദ്ദിഖും കൃഷി ആരംഭിച്ചു. ലിജോയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ മുള്ളംകുഴി പാടത്തും കൃഷി ആരംഭിച്ചു കഴിഞ്ഞു. വർഷങ്ങളായി തരിശായി കിടന്നിരുന്ന ഈ പാടശേഖരങ്ങളിൽ 2022ലാണ് കൃഷി ആരംഭിച്ചത്. കൃഷി ആരംഭിച്ചതോടെ മേഖല പ്രഭാത-സായാഹ്ന സവാരിക്കാരുടെ ഇഷ്ടകേന്ദ്രം കൂടിയായി.