മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്കിനു ശമനമില്ല
1494822
Monday, January 13, 2025 4:43 AM IST
മൂവാറ്റുപുഴ: നഗരത്തിൽ ഒരു മാസമായി തുടരുന്ന ഗതാഗതക്കുരുക്കിനു ശമനമില്ല. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി നിരത്ത് കൈയടക്കിയതോടെ മൂവാറ്റുപുഴ നഗരം കടക്കാൻ മണിക്കൂറുകൾ വേണ്ട അവസ്ഥയാണ്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കച്ചേരിത്താഴം, ഇഇസി മാർക്കറ്റ് ജംഗ്ഷൻ, വാഴപ്പിള്ളി കവല തുടങ്ങിയ ജംഗ്ഷനുകളിലെല്ലാം കുരുക്ക് രൂക്ഷമാണ്. ആംബുലൻസുകളടക്കം ഗതാഗതകുരുക്കിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. നഗരത്തിൽ ചെറിയ ഗതാഗത ക്രമീകരണങ്ങൾ വരുത്തിയാൽ നഗരത്തിലെ കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നടക്കം എത്തുന്ന വാഹനങ്ങൾ നഗരത്തിലെ കീച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഇഇസി റോഡ് വഴി ഇഇസി മാർക്കറ്റ് ജംഗ്ഷനിലെത്തി എംസി റോഡിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. എറണാകുളം, പെരുന്പാവൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇവിടെ നേരെ എംസി റോഡ് ക്രോസ് ചെയ്യുന്നത് വാഹനതിരക്കേറിയ സമയത്ത് വൻ കുരുക്കിന് കാരണമാകുന്നുണ്ട്.
ഇവിടെ പോലീസിന്റെ സേവനവും ലഭിക്കാറില്ല. മിക്കപ്പോഴും നാട്ടുകാർ ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഈ വാഹനങ്ങൾ നേരിട്ട് എംസി റോഡ് ക്രോസ് ചെയ്യുന്നതിന് പകരം നെഹ്റു പാർക്കിലെ റൗണ്ട് ചുറ്റി കടന്നുപോകുന്ന തരത്തിൽ ക്രമീകരിച്ചാൽ ഈ മേഖലയിലെ ഒരു വലിയ കുരുക്കിന് തന്നെ ശമനമാകും.
കാക്കനാട് - മൂവാറ്റുപുഴ റോഡ് - എംസി റോഡുമായി സന്ധിക്കുന്ന നഗരത്തിലെ വാഴപ്പിള്ളി കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ സിഗ്നൽ സംവിധാനമാണ് ഒരുക്കേണ്ടത്. എറണാകുളം, കാക്കനാട് മേഖലകളിൽ നിന്നും എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഇവിടെ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിനു പുറമെ ആർഡിഒ, താലൂക്ക് ഓഫീസുകൾ തുടങ്ങി മുപ്പതോളം സർക്കാർ ഓഫീസുകളടക്കം സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് കവലയിലൂടെയാണ്.
വാഹനങ്ങളുടെ തിരക്കുമൂലം ഗതാഗതകുരുക്കും അപകടങ്ങളും നിത്യസംഭവമായി മാറിയിട്ടുണ്ട്. തിരക്കേറിയ കവലയിൽ ആവശ്യമായ ട്രാഫിക്ക് സംവിധാനങ്ങൾ ഇല്ലാത്തതാണ് ജംഗ്ഷനിൽ ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണം. ഇവിടെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാൽ കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. ഇതിനു പുറമെ ആവശ്യത്തിന് പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.